ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ; ആരോ അകത്ത് കടന്നതായി സംശയം
പൊലീസ് സീൽ ചെയ്ത രാമവർമൻചിറയിലെ വീടിന്റെ പൂട്ടാണ് പൊളിച്ചത്
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ. പൊലീസ് സീൽ ചെയ്ത രാമവർമൻചിറയിലെ വീടിന്റെ പൂട്ടാണ് പൊളിച്ചത്. വീടിനുള്ളിൽ ആരോ കടന്നതായി സംശയമുണ്ട്. ഗേറ്റ് തുറന്നിട്ടില്ല എന്നതു കൊണ്ടുതന്നെ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറിയതാവാം എന്നാണ് സംശയിക്കുന്നത്. ഒക്ടോബർ മൂപ്പതാം തിയതിയാണ് അന്വേഷണ സംഘം വീട് സീൽ ചെയ്തത്.
അതേസമയം കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.രാമവർമ്മൻ ചിറയിലെ വീടിനു പുറമെ ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങളിലും തെളിവെടിപ്പുണ്ടാകും.
തെളിവെടുപ്പ് ഉൾപ്പടെയുള്ള പോലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. അതേ സമയം കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.