തരൂരിന്റെ 'ഭീകരത' പരാമർശം നാലു തവണ; ഹമാസ് വിമർശനം രാഷ്ട്രീയവിവാദത്തിനു വഴിതുറന്നതിങ്ങനെ

വിവാദ പരാമർശത്തിനു പിന്നാലെ തിരുവനന്തപുരം മഹല്ല് എംപവർമെന്റ് മിഷൻ നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂരിനെ ഒഴിവാക്കിയിട്ടുണ്ട്

Update: 2023-10-27 15:54 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഏറെ വിവാദമായ കോഴിക്കോട് കടപ്പുറം പ്രസംഗത്തിൽ ശശി തരൂർ ഹമാസ് ആക്രമണത്തെ ഭീകരവാദമായി അവതരിപ്പിച്ചത് നാലു തവണ. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിലായിരുന്നു തരൂരിന്റെ വിവാദ പരാമർശം. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിനെ ആക്രമിച്ച് 1,400 പേരെ കൊന്നെന്നായിരുന്നു തരൂർ പറഞ്ഞത്. മറുവശത്ത് ഇസ്രായേൽ ആക്രമണത്തെ മനുഷ്യത്വരഹിതമായ ആക്രമണമെന്നായിരുന്നു വിശേഷിപ്പിച്ചത്.

പ്രസംഗത്തിൽ തരൂർ നടത്തിയ 'ഭീകരത' പരാമർശങ്ങൾ ഇങ്ങനെയാണ്:

1. 'ഒക്ടോബർ ഏഴാം തിയതി ഭീകരവാദികൾ ഇസ്രായേലിനെ ആക്രമിച്ചു. 1,400 വ്യക്തികളെ കൊന്നു. 200 ആളുകളെ ബന്ദികളാക്കി. പക്ഷേ അതിന് മറുപടിയായി ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം നടത്തി 1,400 പേരെയല്ല, ഒരു 6,000 പേരെ കൊന്നുകഴിഞ്ഞു. ബോംബ് ആക്രമണം നിർത്തിയിട്ടില്ല. അതു മാത്രമല്ല, ഇസ്രായേൽ വഴിക്ക് ഗസ്സയിലേക്കു വരുന്ന ഭക്ഷണവും വെള്ളവും പെട്രോളും ഡീസലുമെല്ലാം നിർത്തലാക്കി. ആശുപത്രികൾ പ്രവർത്തിക്കാൻ കഷ്ടപ്പെടുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളും യുദ്ധത്തിന്റെ ഭാഗമല്ലാത്ത വ്യക്തികളും ഉൾപ്പെടെ നിരപരാധികളാണ് ഓരോ ദിവസവും കൊല്ലപ്പെടുന്നത്.'

2. 'ആ ഭീകരവാദികൾ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നപ്പോൾ ലോകം അവരെ അപലപിച്ചു. പക്ഷേ അതേ കൂട്ടർ, ഇപ്പോൾ നമ്മളുമടക്കം, ഇസ്രായേലിന്റെ ആക്രമണത്തെയും അപലപിക്കുന്നു. ഈ യുദ്ധം 19 ദിവസമായി. ഇതിനിടയിൽ കഴിഞ്ഞ 15 വർഷത്തെ മരണമായിട്ടുണ്ട്.'

3. 'ഒരു കണ്ണിനു പകരം ഒരു കണ്ണെടുത്താൽ ലോകം മുഴുവൻ അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷേ, ആരാണിപ്പോൾ സമാധാനം കൊണ്ടുവരാൻ സംസാരിക്കുന്നത്? ഭീകരവാദികളുടെ പ്രവർത്തനം നമ്മൾ കേട്ടു. രണ്ടുഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മൃഗീയമായ പ്രതികരണമാണ് നമ്മൾ കാണുന്നത്. അത് മനുഷ്യന്മാരെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമാണ്...'

4. 'ഈ 19 ദിവസങ്ങളിൽ ഒരു ഭീകരവാദികളുടെയും പ്രവർത്തനവും ഇല്ലാതെ വെസ്റ്റ്ബാങ്കിൽ 101 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്നത്തെ വാർത്തയിൽ അത് 102 ആയി. ആകെ ഒരു ഇസ്രായേലി മാത്രമേ അവിടെ മരിച്ചിട്ടുള്ളൂ...'

വിവാദ പരാമർശം വിനയായി; പരിപാടിയിൽനിന്ന് വെട്ടി മഹല്ല് കമ്മിറ്റി

വിവാദ പരാമർശത്തിനു പിന്നാലെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കിയിരിക്കുകയാണ് തിരുവനന്തപുരത്ത് മഹല്ല് കമ്മിറ്റി. മഹല്ല് എംപവർമെന്റ് മിഷൻ(എം.ഇ.എം) നടത്തുന്ന പരിപാടിയിൽനിന്നാണ് എം.പിയെ ഒഴിവാക്കിയത്. തരൂരിനെയും എം.എ ബേബിയെയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് എം.ഇ.എം തരൂരിനെ ഒഴിവാക്കിയത്. 32 മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് എം.ഇ.എം.

Full View

ലീഗ് പരിപാടിയിൽ അതേ വേദിയിൽ തന്നെ തരൂരിനെ ഇരുത്തി ലീഗ് നേതാക്കളായ എം.കെ മുനീറും അബ്ദുസ്സമദ് സമദാനിയും മറുപടിയും പറഞ്ഞിരുന്നു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്ന് മുനീർ പറഞ്ഞു. ഫലസ്തീനിന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭഗത് സിങ്ങും സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത് ഭീകരവാദമായാണ് ബ്രിട്ടീഷുകാർ കണ്ടത്. ഫലസ്തീനായി പോരാടുന്നവരെ ഭീകരവാദികൾ എന്ന് വിളിക്കുന്നത് സാമ്രാജ്യത്വവാദികളാണ്. ചെറിയ കല്ലുകൾ എറിഞ്ഞവർ കൂടുതൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് അടിച്ചമർത്തൽകൊണ്ടാണ്. നമ്മൾ പ്രതിരോധത്തിനൊപ്പമാണെന്നും മുനീർ പറഞ്ഞു.

Full View

ഇസ്രായേലിന്റെ ഫലസ്തീൻ വിരുദ്ധ പ്രവർത്തനങ്ങളെ ഭീകരവാദമെന്ന് ആദ്യം വിളിച്ചത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. ഇസ്രായേൽ നടത്തുന്നത് അതിരില്ലാത്ത അധിനിവേശമാണ്. ഫലസ്തീൻ നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്നും സമദാനി പറഞ്ഞു. ജൂതരെ ജനിച്ച രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്ത് കൊണ്ടുപോയി കുടിയിരുത്തുന്നത് അവരെ ജനിച്ച മണ്ണിൽനിന്ന് പുറംതള്ളലല്ലേ എന്നാണ് ഗാന്ധിജി ചോദിച്ചത്. അങ്ങനെ ചെയ്യുമ്പോൾ ജൂതരെ ഇല്ലാതാക്കിയ ഹിറ്റ്‌ലറുടെ പ്രവർത്തനത്തെ ന്യായീകരിക്കുകയല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നുവെന്നും സമദാനി ചൂണ്ടിക്കാട്ടി.

Summary: Shashi Tharoor links Hamas and 'terror' four times at Muslim League Palestine solidarity rally; How criticism of Hamas became big political controversy in Kerala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News