സ്‌കാനിംഗ് സെന്ററിൽ സ്വകാര്യ ദൃശ്യം പകർത്തൽ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ നേരത്തെ അറസ്റ്റിലായിരുന്നു

Update: 2022-11-12 14:00 GMT
Advertising

പത്തനംതിട്ട: അടൂരിൽ സ്‌കാനിംഗ് സെന്ററിൽ സ്‌കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ നേരത്തെ അറസ്റ്റിലായിരുന്നു. ദേവി സ്‌കാനിംഗ് സെൻററിൽ ജീവനക്കാരനായ കൊല്ലം ചിതറ സ്വദേശി അംജിത്ത് അനിരുദ്ധനാണ് പിടിയിലായിരുന്നത്. പ്രതിഷേധത്തെ തുടർന്ന് ലാബ് അടച്ചിരിക്കുകയാണ്.

എം.ആർ.ഐ സ്‌കാനിംഗിനായി ദേവീസ് സ്‌കാനിംഗ് സെൻററിലെത്തിയ അടൂർ സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രതി പകർത്തിയിരുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവതി സ്ഥാപനത്തിലെത്തിയത്. സ്‌കാനിങ്ങിനായി വസ്ത്രം മാറാനൊരുങ്ങവെ മുറിയിൽ മൊബൈൽ ഫോൺ കണ്ട യുവതി വിവരം പൊലീസിൽ അറിയിച്ചു. സ്ഥാപനത്തിലെത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ റേഡിയോഗ്രാഫറായ അംജിത്ത് കുറ്റം സമ്മതിച്ചു.

ഇക്കാര്യം ഇന്ന് വാർത്തയായതോടെ സ്‌കാനിങ് സെൻററിലേക്ക് യുവജനസംഘടനകൾ പ്രതിഷേധവുമായെത്തി. സ്ഥാപനത്തിലേക്ക് തള്ളിക്കയറാന് ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് തടഞ്ഞത്. യൂത്ത് കോൺഗ്രസും സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിച്ചു. പിന്നാലെ സ്‌കാനിങ് സെൻറർ അടച്ചുപൂട്ടി. ആറ് മാസത്തോളമായി ഇവിടുത്തെ ജീവനക്കാരാനാണ് കൊല്ലം ചിതറ സ്വദേശിയായ അംജിത്ത്. ഇയാളുടെ ഫോണിൽ നിന്ന് 23 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഐ.പിസി 354 വകുപ്പും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.


Full View

Shooting Private footage of lady at Adoor scanning centre: Minister Veena George orders probe

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News