'സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, വികസനത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് സർക്കാർ വഴങ്ങില്ല'; മുഖ്യമന്ത്രി

കേസുകൾ പിൻവലിക്കില്ലെന്നും കല്ലുകൾ കൊണ്ട് ഒരു ദോഷവും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ

Update: 2022-12-08 07:26 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഉപേക്ഷിക്കുന്നത് സർക്കാരിന് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഏത് അനുമതിയുമായി വന്നാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

സിൽവർ ലൈന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനം കാരണം ഭൂവുടമകൾക്ക് വായ്പയെടുക്കാൻ കഴിയില്ലെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടി കോടികൾ സർക്കാർ ചെലവാക്കിയത് എന്തിന് എന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം ജോൺ ചോദിച്ചത്.

എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന് തറപ്പിച്ചു പറയുകയാണ് മുഖ്യമന്ത്രി. ആദ്യം അനുകൂലമായിരുന്ന കേന്ദ്രസർക്കാറിന്റെ നിലപാട് ഇപ്പോൾ അങ്ങനെയല്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ വഴങ്ങില്ല. കേസുകൾ പിൻവലിക്കില്ല. കല്ലുകൾ കൊണ്ട് ഒരു ദോഷവും സംഭവിക്കില്ല. കേന്ദ്ര അനുമതി എന്നായാലും കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈന് എതിരായ സമരം വിജയിച്ചത് നാടിൻറെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.  ഏത് അനുമതിയുമായി വന്നാലും പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും സതീശന്‍  പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News