ഒരു 'സോറി'യിൽ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ എന്ന് പൊലീസ്; കൊല്ലം, ആലപ്പുഴ ജില്ലക്കാരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കേണ്ടായിരുന്നെന്ന് സോഷ്യൽമീഡിയ

'തല്ലുമാല' സിനിമയിലെ രംഗം ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്

Update: 2022-09-19 02:52 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: സംസ്ഥാനത്ത് അടുത്തിടെ വർധിച്ചുവരുന്ന അക്രമങ്ങളെ മുൻനിർത്തി ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ്. ഒരു സോറിയിൽ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ എന്നാണ് കേരളപൊലീസിന്റെ പുതിയ വീഡിയോയിൽ പറയുന്നത്. 'തല്ലുമാല' എന്ന സിനിമയിലെ രംഗം ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് .

'തല്ല് വേണ്ട സോറി മതി?? ആരാണ് ശക്തൻ..

മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ.. ഒരു സോറിയിൽ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ?? അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും ?? എന്നാൽ കൊല്ലത്തേയും ആലപ്പുഴയെയും മാത്രം അടിക്കുറിപ്പിൽ പരമാർശിച്ചതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്ന് ഉയരുന്നത്.

'കൊല്ലം, ആലപ്പുഴ ജില്ലക്കാരെ മൊത്തത്തിൽ അടച്ചു ആക്ഷേപിക്കണ്ടാരുന്നു'. 'മറ്റു ജില്ലകളിലും വിഷയങ്ങൾ ഉണ്ടല്ലോ..ഈ പോസ്റ്റിലെ വിഷയം കൊള്ളാം.. പക്ഷെ രണ്ട് ജില്ലക്കാരെ മാത്രം മോശം ആയി ചിത്രീകരിച്ചതിനു കേരളപൊലീസ് അല്ലേ ജനങ്ങളോട് സോറി പറയേണ്ടത് ?? എന്നായിരുന്നു ഒരു കമന്റ്..

Full View

'കൊല്ലത്തും ആലപ്പുഴയും മാത്രേ ഉള്ളു പൊലീസ് സ്റ്റേഷൻ ഉം കോടതിയും.. ബാക്കി ഉള്ളടത്തൊക്കെ... സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ.. ആഹാ..?? എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

'തിരുവനന്തപുരത്ത് പിങ്ക് പൊലീസ് കൊച്ചിനെയും അച്ഛനെയും പബ്ലിക് ആയി നാണംകെടുത്തിയപ്പോൾ. ഈ പറഞ്ഞ ഒരു സോറി മതിയായിരുന്നു പറയുമ്പോൾ എല്ലാം പറയണമല്ലോ..' 'അപ്പോ കൊല്ലത്തും ആലപ്പുഴയിലും മാത്രം മതിയല്ലോ അല്ലേ പൊലീസും പൊലീസ്റ്റേഷനും ',

'അതെന്താ കൊല്ലത്തും ആലപ്പുഴയും മാത്രേ അടി നടക്കുന്നുള്ളോ' , 'അപ്പോൾ, കേരളം എന്നാൽ കൊല്ലവും ആലപ്പുഴയും മാത്രമേ ഉള്ളോ സാറേ??? കേരളത്തിൽ പ്രളയം വന്നപ്പോൾ, ഇപ്പോൾ നിങ്ങളുൾപ്പെടെ ട്രോളിയ, കൊല്ലംകാരും ആലപ്പുഴക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഞങ്ങളുടെ ഇടയിൽ എന്തേലും പ്രശ്‌നം ഉണ്ടായാൽ പറഞ്ഞു തീർക്കും അതുമല്ലെങ്കിൽ തല്ലിത്തീർക്കും, അല്ലാതെ, ആ പക, മരിക്കുവോളം മനസ്സിൽ കൊണ്ട് നടക്കില്ല..'

അങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം പെറ്റിഅടിക്കുമ്പോൾ സോറി പറഞ്ഞാൽ പ്രശ്‌നം തീർന്നില്ലേ,ഹെൽമെറ്റ് ഇല്ല എടുക്കാൻ മറന്നു സോറി പറഞ്ഞാൽ മതിയോ ,ഇത് പൊീസുകാർക്കും ബാധകമാണ് എന്നു തുടങ്ങുന്ന രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ചില കമന്റുകൾക്കെല്ലാം കേരളപൊലീസ് മറുപടിയും നൽകിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News