'മുസ്‌ലിംകളുടെ ഐക്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു'; കെ.ടി ജലീലിനെതിരെ പരോക്ഷ വിമർശനവുമായി ബഹാഉദ്ദീൻ നദ്‍വി
സമസ്തയിലെ ലീഗ് അനുകൂല വിഭാഗം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടത്തിയ സമ്മേളനത്തിലാണ് വിമർശനം


മലപ്പുറം: കെ.ടി ജലീൽ എംഎൽഎക്കെതിരെ പരോക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‍വി. മുസ്‌ലിംകളുടെ ഐക്യം തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെയും പിണറായിയെയും സ്വർഗ്ഗത്തിൽ കടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നത്. ലീഗുകാർ നേരത്തെ തന്നെ സമസ്തയിലുള്ളവരാണ്. സമസ്തയുടെ മുൻ നേതാക്കന്മാർ എല്ലാം ലീഗിനുവേണ്ടി പ്രസംഗിച്ചവരായിരുന്നുവെന്നും ബഹാഉദ്ദീൻ നദ്‍വി പറഞ്ഞു.
സമസ്തയിലെ ചിലർ സിപിഎമ്മുമായി ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് എസ്‌വൈഎസ് നേതാവ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി ചില ആളുകളെ തോൽപ്പിക്കാൻ തന്നെ സമീപിച്ചിരുന്നു. താൻ ലീഗുകാരനാണ്, തനിക്ക് അതിന് കഴിയില്ലന്ന് തുറന്നു പറഞ്ഞു.
മറുഭാഗത്തുള്ള ചിലർ ആ ബന്ധം തുടർന്നു കൊണ്ടിരിക്കുന്നുവെന്നും മുഹമ്മദ് ഫൈസി വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂല വിഭാഗം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടത്തിയ സമ്മേളനത്തിലാണ് ഇരുവരുടെയും വിമർശനം.