ക്രമപ്രകാരമല്ലാത്ത സത്യപ്രതിജ്ഞ; ദേവികുളം എം.എല്‍.എയ്ക്ക് പിഴയിട്ട് സ്പീക്കര്‍
2500 രൂപ പിഴയടക്കാനാണ് സ്പീക്കറുടെ റൂളിങ്.
ദേവികുളം എം.എല്‍.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്‍. 2500 രൂപ പിഴയടക്കാനാണ് സ്പീക്കറുടെ റൂളിങ്. രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാലാണ് നടപടി.
മേയ് 24ന് രാജയുടെ സത്യപ്രതിജ്ഞ അപൂർണമായിരുന്നു. തമിഴില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമ വകുപ്പ് തര്‍ജമ ചെയ്തപ്പോഴുണ്ടായ പിഴവു മൂലമായിരുന്നു ഇത്. തുടർന്ന് അദ്ദേഹം ജൂൺ രണ്ടിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
മേയ് 24 ,25, 28, 31 ജൂണ്‍ ഒന്ന് തീയതികളിൽ സഭാ നടപടികളിൽ പങ്കെടുത്ത രാജ 500 രൂപ വീതം പിഴ ഒടുക്കണമന്നാണ് സ്പീക്കർ എം.ബി രാജേഷ് റൂളിങ് നൽകിയത്. അതേസമയം, സ്പീക്കർ തെരഞ്ഞടുപ്പിൽ രാജയുടെ വോട്ട് അസാധുവാക്കില്ല. ഭരണഘടന അനുശാസിക്കുന്ന പ്രകാരമാണിതെന്നും തമിഴിൽ സത്യവാചകം തയാറാക്കിയതിൽ നിയമവകുപ്പിനുണ്ടായ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത എ. രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500 രൂപ വീതം പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ എ. രാജ വോട്ടു ചെയ്തത് ചട്ടവിരുദ്ധമാണെന്നും സതീശൻ ആരോപിച്ചിരുന്നു.