വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളി നടേശനെതിരെ നടപടി വേണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ
‘വെള്ളാപ്പള്ളി നടേശന്റെ സ്വീകരണത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിൻമാറണം’
കൊച്ചി: എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മലപ്പുറത്തിനെ അപകീർത്തിപ്പെടുത്തുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന അത്തരത്തിൽപ്പെട്ട ആദ്യത്തേത് അല്ല. ഇതിന് മുമ്പും മാൻഹോളിൽ വീണ് മരിച്ച നൗഷാദിന്റെ കാര്യത്തിലടക്കം വിഷം വമിപ്പിക്കുന്ന പ്രസ്താവനകൾ വെള്ളാപ്പള്ളിയുടേതായി വന്നിട്ടുണ്ട്.
ശ്രീനാരയണഗുരുവിന്റെ മതാതീത ആത്മീയതയുടേയും മാനവമൈത്രിയുടേയും പതാകവാഹകരാകേണ്ട ഒരു സംഘടയുടെ നേതൃസ്ഥാനത്ത് ഇരുന്ന്, സംഘപരിവാറിന്റെ ഉപകരണമായി വെള്ളാപ്പള്ളി പ്രവത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതോടൊപ്പം സംസ്ഥാന സർക്കാരിനേയും സ്വന്തം താൽപ്പര്യ സംരക്ഷണത്തിന് സമുദായത്തെ മറയാക്കി വെള്ളാപ്പള്ളി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വെറുപ്പ് പടർത്തുന്ന പ്രസ്താവനകളുടെ ചരിത്രമുള്ള വെള്ളാപ്പള്ളിയെപ്പോലെ ഒരാളെ നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പിണറായി സർക്കാർ നിയോഗിച്ചത്. അതിന് ശേഷവും വിദ്വേഷ പ്രചാരണങ്ങൾ വെള്ളാപ്പള്ളി അവസാനിപ്പിച്ചിട്ടില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ പ്രസ്താവന.
ഈ സന്ദർഭത്തിൽ ശ്രീനാരയണഗുരു മുതൽ മുൻകാല യോഗ നേതൃത്വങ്ങളുടെ മൈത്രിയിൽ അധിഷ്ഠിതമായ മാതൃകാപരമായ ചരിത്രങ്ങൾ വെള്ളാപ്പള്ളി നടേശനെ ഓർമപ്പെടുത്തുന്നതിനോടൊപ്പം, വിശിഷ്യാ മുസ്ലിം സമൂഹവുമായി ശ്രീനാരായണീയ പ്രസ്ഥാനം എക്കാലവും പുലർത്തിയ സ്നേഹസഹോദര്യത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ബാബറി മസ്ജിദ് പ്രശ്നം രൂക്ഷമായ സന്ദർഭത്തിൽ, ഞങ്ങൾ ഞങ്ങളുടെ മുസ്ലിം സഹോദരൻമാരോടൊപ്പം ആണെന്ന് പരസ്യമായി പ്രമേയത്തിലൂടെ പറഞ്ഞ എം.കെ രാഘവനെപ്പോലെയുള്ള നേതാക്കൻമാർ നയിച്ച ചരിത്രവും എസ്എൻഡിപി യോഗത്തിനുണ്ട്. അത്തരം മഹത്തായ പാരമ്പര്യങ്ങളെ മുഴുവൻ വെറുപ്പ് കൊണ്ട് റദ്ദ് ചെയ്യാൻ വെള്ളാപ്പള്ളിയെപ്പോലെ ഒരാൾ ശ്രമിക്കുമ്പോൾ, അതിനെ തുറന്നെതിർക്കേണ്ട ബാധ്യത മുഴുവൻ ശ്രീനാരയണീയരുടേതും ആണ്. ആ ബാധ്യത ഞങ്ങൾ നിർവഹിക്കുകയാണ്.
വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണീയ സമൂഹത്തിന് അപമാനവും, ശ്രീനാരായണ മൂല്യങ്ങളുടെ അന്തകനുമാണെന്ന് ഞങ്ങൾ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ഇനിയെങ്കിലും, മുഖ്യമന്ത്രിയും സർക്കാറും വെള്ളാപ്പള്ളിയെപ്പോലെ ഒരു വിദ്വേഷവാഹകന് കൊടുക്കുന്ന പിന്തുണ അവസാനിപ്പിക്കണം. വിദ്വേഷ പ്രസ്താവനയിൽ നടപടി സ്വീകരിക്കണമെന്നും ഏപ്രിൽ 11ന് നടത്താൻ തീരുമാനിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിൻമാറി പൊതുസമൂഹത്തിന് മുമ്പിൽ ശക്തമായ സന്ദേശം നൽകണമെന്നും അഡ്വ. എസ്. ചന്ദ്രസേനൻ (ചെയർമാൻ, SNDP യോഗം സംരക്ഷണ സമിതി), സുധീഷ് മാസ്റ്റർ (ചെയർമാൻ, ഗുരുധർമ്മം ട്രസ്റ്റ്), ഗാർഗ്യൻ സുധീരൻ (ഡയറക്ടർ, ദ്രാവിഡ ധർമ്മ വിചാര കേന്ദ്രം), സുദേഷ് എം. രഘു, അഡ്വ. വി.ആർ അനൂപ്, ബാബുരാജ് ഭഗവതി, പി.എസ് രാജീവൻ, എം.പി പ്രശാന്ത്, എം.വി പരമേശ്വരൻ എന്നിവർ ആവശ്യപ്പെട്ടു.