അതിഥി അധ്യാപക നിയമനം; 70 വയസ് വരെയുള്ള അധ്യാപകരെ പരിഗണിക്കാമെന്ന പരാമർശത്തിനെതിരെ വിദ്യാർഥി സംഘടനകൾ
തൊഴിലില്ലായ്മ രൂക്ഷമായ ഘട്ടത്തിലെ തീരുമാനം യുവജനവിരുദ്ധമാണെന്ന് അധ്യാപകരും പറയുന്നു
തിരുവനന്തപുരം: സർക്കാർ എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് വിവാദമാകുന്നു. 70 വയസ് വരെയുള്ള വിരമിച്ച അധ്യാപകരെ നിയമനത്തിന് പരിഗണിക്കാമെന്ന പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന -വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു. തൊഴിലില്ലായ്മ രൂക്ഷമായ ഘട്ടത്തിലെ തീരുമാനം യുവജനവിരുദ്ധമാണെന്ന് അധ്യാപകരും പറയുന്നു.
കോളേജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യതകൾ, തെരഞ്ഞെടുപ്പ് രീതി എന്നിവ ഉൾപ്പെടുത്തി പുറത്തിറക്കിയ മാർഗനിർദേശങ്ങളാണ് ചർച്ചാ വിഷയം. 70 വയസ്സുവരെയുള്ള വിരമിച്ച അധ്യാപകരെയും നിയമനത്തിനായി പരിഗണിക്കാമെന്ന് ഈ മാസം ഒൻപതിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവിന് പിന്നാലെ വിവിധ കോണിൽ നിന്നും പ്രതിഷേധങ്ങളും ഉയർന്നു. നിർദേശങ്ങൾ യുവജനവിരുദ്ധമാണെന്ന് കാട്ടിയാണ് ഡി.വൈ.എഫ്.ഐ രംഗത്തുവന്നത്. വിരമിച്ചവർക്ക് വീണ്ടും നിയമനം നൽകുന്നത് തൊഴിൽരഹിതരായ ചെറുപ്പക്കാരെ ബാധിക്കുമെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പക്ഷം. പരിചയസമ്പന്നരായ അധ്യാപകർ വിദ്യാർഥികൾക്ക് മുതൽക്കൂട്ട് ആകുമെന്ന അഭിപ്രായമുണ്ടെങ്കിലും യുവാക്കളുടെ അവസരം നഷ്ടമാകുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് അധ്യാപകസംഘടനകളും പറയുന്നു.
വിരമിച്ചവരെ ഗസ്റ്റ് അധ്യാപകരായി പരിഗണിക്കുന്ന രീതി മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നില്ല. പുതുക്കിയ യുജിസി നിർദേശങ്ങൾ പ്രകാരമാണ് നിർദ്ദേശം ഉൾപ്പെടുത്തിയത് എന്നും അർഹരായവരുടെ അവസരങ്ങൾ നഷ്ടപ്പെടില്ല എന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഉത്തരവ് പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.