"സുപ്രഭാതവും സിറാജും മുസ്‌ലിം സംഘടനകളുടെ പത്രം ആണെന്നറിയില്ല"; ബിനോയ് വിശ്വം
''പത്രങ്ങളുടെ ഉടമസ്ഥർ ആരാണെന്നു താൻ നോക്കിയിട്ടില്ല''
എറണാകുളം: സുപ്രഭാതവും സിറാജും മുസ്‌ലിം സംഘടനകളുടെ പത്രം ആണോ എന്ന് തനിക്ക് അറിയില്ലെന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം. എറണാകുളത്ത് മാധ്യമങ്ങളെ കാണവെയാണ് വിശ്വം പരസ്യവിവാദത്തിൽ പ്രതികരിച്ചത്. പത്രങ്ങളുടെ ഉടമസ്ഥർ ആരാണെന്നു താൻ നോക്കിയിട്ടില്ല. പത്രം കാണാത്തതിനാൽ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ സ്ഥാനാർഥി സരിനെ പുകഴ്ത്താനും വിശ്വം മറന്നില്ല. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടികുഴക്കാത്ത ഒരു പാർട്ടിയുടെ സ്ഥാനാർഥിയാണ് സരിൻ എന്നായിരുന്നു വിശ്വം പറഞ്ഞത്.
വയനാട് ദുരന്തത്തെക്കുറിച്ച് ബിജെപി നേതാവ് വി. മുരളീധരൻ നടത്തിയ പ്രസ്താവനയിലും വിശ്വം പ്രതികരിച്ചു.
ബിജെപിയെ നയിക്കുന്ന ആർഎസ്എസിന്റെ ദുഷ്ട്ടാത്ത വെളിവാകുന്ന പ്രസ്താവന നിസാരമായാണ് മുരളീധരൻ നടത്തിയത്. രാഷ്ട്രീയം മാറ്റിവെക്കാം, മനുഷ്യത്വം ഉള്ള ആർക്കും ചിന്തിക്കാൻ ആവാത്ത പ്രസ്താവനയായിരുന്നു ഇത്. മനുഷ്യനെ മതവും ജാതിയും നോക്കി സാമ്പത്തികം നോക്കി തട്ടുകളായി തിരിക്കുന്നതാണ് ബിജെപി നിലപാട്. ഇങ്ങനെ ഒരു പ്രസ്താവന പറയണമെങ്കിൽ അവർ ആർഎസ്എസ് ആശയങ്ങൾ വിഴുങ്ങിയ ബിജെപിക്കാരാവണം. വയനാടിനെയും കേരളത്തെയും അവഹേളിച്ച വി. മുരളീധരൻ നിരുപാധികം മാപ്പ് പറയണം,ബിജെപിയും മോദിയും മാപ്പ് പറയണമെന്നും വിശ്വം പറഞ്ഞു.
എന്തുകൊണ്ടാണ് വയനാടിനുള്ള സഹായം കിട്ടാത്തത് എന്ന് വ്യക്തമാകുന്നുണ്ടെന്നും വിശ്വം കൂട്ടിച്ചേർത്തു.