ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രിംകോടതി നോട്ടീസ്
ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
ന്യൂഡൽഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യത്തിൽ സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എപ്പോൾ വിളിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് ബിനീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനായതു കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നുമായിരുന്നു കോടതിയിൽ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയിൽ പറഞ്ഞിരുന്നു. ഡ്രൈവർ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴ് ലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടൻ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകൾ ഒന്നും തൻറെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചയാണ് പിന്നിൽ. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇ.ഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയ സമ്മർദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നിൽ പറഞ്ഞിരുന്നു.