''എനിക്ക് വേണ്ടിയല്ല മുഖ്യമന്ത്രി വിദേശത്തേക്ക് ഫണ്ടയക്കുന്നത്, ആ ഫണ്ട് എവിടെപ്പോയാലും എനിക്കെന്താ... അതെന്നെ ബാധിക്കില്ല'' - സ്വപ്ന സുരേഷ്

ഗുരുതര ആരോപണങ്ങളാണ് പുറത്തുവിട്ട ശ്ബദസന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

Update: 2022-06-10 11:46 GMT
Advertising

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഫണ്ട് എവിടെപ്പോയാലും തനിക്ക് പ്രശ്നമില്ലെന്ന് സ്വപ്ന സുരേഷ്. തനിക്ക് വേണ്ടിയല്ല മുഖ്യമന്ത്രി വിദേശത്തേക്ക് ഫണ്ടയക്കുന്നതെന്നും ആ ഫണ്ട് എവിടെപ്പോയാലും തന്നെ ബാധിക്കില്ലെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ എത്തിയതെന്ന ആരോപണത്തിന്‍റെ തെളിവായുള്ള ശബ്ദ സന്ദേശം പുറത്തുവിട്ട ശേഷം വീണ്ടും മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സ്വപ്ന സുരേഷിന്‍റെ പ്രസ്താവന. ഷാജ് കിരണ്‍ സ്വപ്നയെ വിളിച്ച് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് അവര്‍ പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് പുറത്തുവിട്ട ശ്ബദസന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ''കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ... അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ വെറുതെ വിടില്ല...'' തുടങ്ങിയ ഭീഷണികളടങ്ങുന്ന ശബ്ദസന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്.

എന്‍റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാർ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സ്വപ്ന പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഷാജ് കിരണുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിന്‍റെ സംഭാഷണം റെക്കോർഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തുവിടുന്നതിനുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വപ്ന പറഞ്ഞു. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തയതായും സ്വപ്ന ആരോപിച്ചു. ആരോടാണ് കളിച്ചത് എന്നറിയാമല്ലോയെന്ന് ഷാജ് കിരൺ ചോദിച്ചു. അഡ്വ. കൃഷ്ണരാജാണ് തന്‍റെ രക്ഷകനെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

അതേസമയം അഭിഭാഷകനും, എച്ച്.ആർ.ഡി.എസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരൺ മീഡിയാവൺ സ്‌പെഷ്യൽ എഡിഷനിൽ പറഞ്ഞിരുന്നു.

സ്വപ്നയും സുഹൃത്ത് ഷാജ് കിരണും അന്യോന്യം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്തുവിട്ട ശബ്ദരേഖ കേസിൽ നിർണായക തെളിവായി മാറിയേക്കും. ഷാജ് കിരൺ തന്നെ സമ്മർദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്പോൾ ഇഥുവരെ അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെയും വിജയ് സാഖറയെയും താൻ വിളിച്ചിട്ടുണ്ടെന്നും സരിത്ത് എവിടെയാണെന്ന് അന്വേഷിക്കാൻ സ്വപ്ന പറഞ്ഞിട്ടാണ് വിളിച്ചതെന്നുമാണ് ഷാജ് കിരൺ പറയുന്നത്. സ്വപ്നയുടെ രഹസ്യ മൊഴി ലഭിക്കാനുള്ള ഇഡിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിച്ചക്കും.

ഷാജ് കിരണ്‍ എന്നയാള്‍ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഇന്നലെ രാവിലെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും സമ്മര്‍ദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു.വീഡിയോ മുഖ്യമന്ത്രിക്ക് കൈമാറാനുള്ളതാണെന്നും അറിയിച്ചെന്നും സ്വപ്ന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഇതിനുതൊട്ടുപിന്നാലെ സ്വപ്നയുടെ ആരോപണം നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തുകയായിരുന്നു. തനിക്ക് സ്വപ്നയുമായി സൌഹ്യദമുണ്ടെന്നും മുഖ്യമന്ത്രിയുട ദൂതനായല്ല പാലക്കാട് പോയതെന്നുമായിരുന്നു ഷാജ് കിരണിന്‍റെ വാദം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News