ലൈഫ് പദ്ധതി കോണ്‍സല്‍ ജനറലിന് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌നയുടെ മൊഴി
കോണ്‍സുലേറ്റിലെ ധനകാര്യമേധാവിയും കോണ്‍സല്‍ ജനറലിന്റെ വിശ്വസ്തനുമായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണ് ശിവശങ്കറിനുള്ള കമ്മീഷനായ ഒരു കോടി രൂപ തനിക്ക് കൈമാറിയത്.
ലൈഫ് പദ്ധതിയുടെ വിശദാംശങ്ങള്‍ കോണ്‍സല്‍ ജനറലിന് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയെടുക്കാന്‍ സഹായിച്ചതിനാണ് എം.ശിവശങ്കറിന് ഒരു കോടിരൂപ കമ്മീഷന്‍ നല്‍കിയതെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കി.
കോണ്‍സുലേറ്റിലെ ധനകാര്യമേധാവിയും കോണ്‍സല്‍ ജനറലിന്റെ വിശ്വസ്തനുമായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണ് ശിവശങ്കറിനുള്ള കമ്മീഷനായ ഒരു കോടി രൂപ തനിക്ക് കൈമാറിയത്. ബില്‍ഡര്‍ ആര് വേണമെന്ന് കോണ്‍സല്‍ ജനറലിന് തീരുമാനിക്കാമെന്ന നിബന്ധനയും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത് മുഖ്യമന്ത്രിയുടെ വാക്കാലുള്ള അനുമതിയോടെയാണെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്‌ന, ശിവശങ്കര്‍, സരിത്ത് എന്നിവരുടെ മൊഴികളെല്ലാം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ്. കോണ്‍സല്‍ ജനറലിന് ലൈഫ് പദ്ധതിയുടെ വിവരങ്ങള്‍ കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് ഇവരുടെ മൊഴികളില്‍ പറയുന്നത്.