അരിക്കൊമ്പന് കുരുക്കിടാൻ ഇനി തമിഴ്‌നാട്; ഉടൻ മയക്കുവെടി വെക്കും

കമ്പത്ത് തന്നെ തുടരുന്ന അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തു

Update: 2023-05-27 06:09 GMT
Advertising

കമ്പം: ഏറെ സാഹസത്തിനൊടുവിൽ കേരളം പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തങ്ങളുടെ ജനവാസ കേന്ദ്രത്തിലെത്തിയതോടെ കുരുക്കിടാനൊരുങ്ങി തമിഴ്‌നാട്. ആനയെ ഉടൻ മയക്കുവെടിവെച്ച് പിടികൂടാനും ജനവാസകേന്ദ്രത്തിൽ നിന്ന് മാറ്റാനുമാണ് തമിഴ്‌നാട് വനംവകുപ്പ് ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലെ കമ്പത്ത് തന്നെ തുടരുന്ന അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തു. ആനയെ കണ്ട് ഒടുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. ചിന്നക്കനാലിനോട് അടുത്ത് നിൽക്കുന്ന കേന്ദ്രമാണ് കമ്പംമേടും അതിനടടുത്തുള്ള ബോഡിമേടും. ഇവിടെയെത്തിയാൽ ചിന്നക്കനാലിലേക്ക് എളുപ്പത്തിൽ മടങ്ങാനാകുമെന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

അതേസമയം, അരിക്കൊമ്പൻ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്താണെന്നും അവർക്കാണ് പൂർണ അധികാരമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സർക്കാരാണെന്നും കേരള വനം വകുപ്പുമായി അവർ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉൾക്കാട്ടിലേക്ക് തുരത്താനാണ് അവരും ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽവെച്ച് അരിക്കൊമ്പനെ പിടികൂടിയ ശേഷം ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിന്റെ ആശയമായിരുന്നില്ലെന്നും അതിൽ കാര്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും പറഞ്ഞു.

അതേസമയം, അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് വിട്ടതിലും തുടർന്നും വീണ്ടും ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന സാഹചര്യമുണ്ടായതിലും കേരളത്തിൽ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ ജോസ് കെ മാണി കുറ്റപ്പെടുത്തി. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്നും വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, ഒരു മണിക്കൂർ ഇടവിട്ടാണ് റേഡിയോ കോളറിൽ നിന്ന് വിവരം ലഭിക്കുന്നത്. അതേസമയം, അരിക്കൊമ്പൻ ജനവാസ കേന്ദ്രത്തിലിറങ്ങിയത് വെള്ളം തേടിയായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ വനത്തിലേക്ക് തിരിച്ചുപോയേക്കാം. വഴിയറിയാതെ ടൗണിലൂടെ കറങ്ങിത്തിരിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആന ടൗണിലെത്തിയതോടെ ജനങ്ങൾ ഏറെ ആശങ്കയിലാണ്.

പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കുമളിയിലെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പനെത്തിയതോടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ലോവർ ക്യാമ്പ് പവർഹൗസിന് സമീപത്തെ വനത്തിലാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാൽ ഭാഗത്തേക്കാണ് അരിക്കൊമ്പന്റെ സഞ്ചാരമെങ്കിലും കൂടുതൽ ദൂരം നീങ്ങിയിരുന്നില്ല. കേരള വനംവകുപ്പിന് പുറമേ തമിഴ്‌നാട് വനം വകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്. ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്‌നലിന് പുറമെ വി.എച്ച്എഫ് ആന്റിനകൾ ഉപയോഗിച്ചുമാണ് ആനയെ നിരീക്ഷിക്കുന്നത്. ആനയെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചനകളുണ്ടായിരുന്നു. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയ പാത ആന മുറിച്ചു കടന്നതായും അധികൃതർ മനസ്സിലാക്കി. ജിപിഎസ് കോളറിലെ വിവരങ്ങൾ പ്രകാരമാണ് അരിക്കൊമ്പൻ നിലയുറപ്പിച്ച ഇടം തിരിച്ചറിയുന്നത്. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് എത്താനുളള സാധ്യത കൂടുകയാണെന്ന് ആനിമൽ സയൻറിസ്റ്റായ വിജയകുമാർ ബ്ലാത്തൂർ പറഞ്ഞിരുന്നു.

ഏഴു ദിവസം മുൻപാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്‌നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.


Full View

Tamil Nadu is about to catch Arikomban

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News