തമിഴ്‌നാട് പൊലീസും പാലക്കാട്ടേക്ക്; ജില്ലയിൽ വൻ പൊലീസ് വിന്യാസം
കോയമ്പത്തൂർ സിറ്റി പൊലീസ് 3 കമ്പനിയിലെ 250 പേര്‍ സ്ഥലത്തെത്തും
പാലക്കാട്: കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കർശനമാക്കി പൊലീസ്. തമിഴ്‌നാട് പൊലീസും പാലക്കാട്ടേക്ക് എത്തും. കോയമ്പത്തൂർ സിറ്റി പൊലീസ് 3 കമ്പനിയിലെ 250 പേരും തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസിലെ 150 പേരും ആംഡ് റിസർവ് പൊലീസിലെ 500 പേരും പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. കൊലപാതകികളെ കണ്ടുപിടിക്കാനുള്ള വാഹന പരിശോധന, ലോഡ്ജുകളിൽ പരിശോധന എന്നിവയ്ക്ക് ഇവർ കേരള പൊലീസിനെ സഹായിക്കും.
ഇന്നലെ രാത്രി തന്നെ പൊലീസ് നഗരത്തിൽ സുരക്ഷ കർശനമാക്കിയിരുന്നു. കടകളും മറ്റും നേരത്തെയടക്കാനും സംശയാസ്പദമായി കാണുന്ന വാഹനങ്ങൾ വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എ.ജി.പി വിജയ്‌സാക്കറയുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാനടപടികൾ വിലയിരുത്തുക.സാക്കറയുടെ നേതൃത്വത്തിൽ രാവിലെ തന്നെ ഉന്നതതല യോഗവും ചേരും.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെയും ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെയും കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ബുധനാഴ്‍ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .
അതേസമയംകൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ 10 മണിയോടെ ജില്ലാ ആശുപത്രിയിൽ ആരംഭിക്കും.