പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ച് അധ്യാപകർ
കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ചത്.
പാലക്കാട്:പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ച് അധ്യാപകർ. കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ചത്.
ഉത്തരസൂചികയിൽ അപാകതയെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ ക്യാമ്പുകൾ ബഹിഷ്‌കരിച്ചത്. ചില ചോദ്യങ്ങൾക്ക് ഇക്കേഷനോ വിവരണമോ എഴുതിയാൽ മതിയെന്നായിരുന്നു ആദ്യ പറഞ്ഞിരുന്നത്. അധ്യാപകരും വിദ്യാർത്ഥികളോട് നിർദേശിച്ചത് അത് തന്നെയായിരുന്നു. എന്നാൽ, പുതിയ ഉത്തര സൂചിക പ്രകാരം ഇക്കേഷനും വിവരണവും ഒരുമിച്ച് എഴുതിയാൽ മാത്രമേ മുഴുവൻ മാർക്ക് കൊടുത്താൽ മതിയെന്നാണ് അറിയിച്ചത്. ഇതാണ് അധ്യാപകരെ ബഹിഷ്‌ക്കരണത്തിലേക്ക് നയിച്ചത്.
സംഭവം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചെങ്കിലും പുതുതായി നൽകിയ ഉത്തരസൂചിക അടിസ്ഥാനമാക്കി മൂല്യനിർണയം നടത്തിയാൽ മതിയെന്നാണ് അറിയിച്ചത്. പുതിയ ഉത്തരസൂചിക അടിസ്ഥാനമാക്കിയാണ് മുല്യനിർണയം നടത്തുന്നതെങ്കിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മാർക്ക് ലഭിക്കില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.