ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണ്; ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ലെന്ന് തന്ത്രി
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ജാതി അധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തലിൽ പ്രതികരിക്കുകയായിരുന്നു തന്ത്രി
കോട്ടയം: ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്. ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണെന്നും ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ലെന്നും തന്ത്രി മീഡിയവണിനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. മന്ത്രിയോ എം.എൽ.എ യോ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ പരാതി അറിഞ്ഞതെന്ന് തന്ത്രി പ്രതികരിച്ചു.
ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് ക്ഷേത്രത്തിന്റെ പേരും സ്ഥലവുമൊന്നും വെളിപ്പെടുത്താതെ മന്ത്രി തുറന്നുപറച്ചിൽ നടത്തിയത്. ചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. അതേ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നും മന്ത്രി വെളിപ്പെടുത്തി.