സര്‍ക്കാര്‍ എല്ലായിടത്തും തീവ്രവാദം ആരോപിക്കുന്നു, സിൽവർലൈനിലും ഇതാണ് കണ്ടത്-എം.കെ മുനീർ
''കണ്ണുകാണാത്ത യുവാവിനെ വളഞ്ഞിട്ട് മർദിച്ചു. സ്ത്രീകൾക്കും മർദനമേറ്റു. എല്ലാത്തിൽനിന്നും രക്ഷപ്പെടാൻ സർക്കാർ തീവ്രവാദം ആരോപിക്കുകയാണ്.''
തിരുവനന്തപുരം: ആവിക്കൽതോട് മലിനജല പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച മന്ത്രി എം.വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. എല്ലായിടത്തും തീവ്രവാദ ആരോപണം ഉന്നയിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സിൽവർലൈനിലും ഇത് കണ്ടതാണെന്നും എം.കെ മുനീർ എം.എൽ.എ വിമർശിച്ചു. വിഷയത്തിൽ മുനീറാണ് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
മാലിന്യ സംസ്‌കരണം വേണമെന്നതിൽ തർക്കമില്ല. ആവിക്കൽതോട്ടിൽ തന്നെ നടത്തണമെന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞിട്ടുണ്ടോ? ജനനിബിഡമായ പ്രദേശമാണ് ആവിക്കൽതോട്. അതിന് നടുവിലാണ് പ്ലാന്റ് വരുന്നതെന്നും മുനീർ ചൂണ്ടിക്കാട്ടി.
''മണ്ണ് പരിശോധന ഉൾപ്പെടെ നടപടികൾ ജനങ്ങൾ അറിഞ്ഞില്ല. ജനങ്ങൾ ഇളകിയ ശേഷമാണ് ഏതെങ്കിലും ചർച്ചകൾക്ക് സർക്കാർ തയാറായത്. ആവിക്കൽതോട്ടിലെ ജനങ്ങൾ ഭയത്തിലാണുള്ളത്. എല്ലായിടത്തും തീവ്രവാദ ആരോപണം ഉന്നയിക്കുന്നു.''
കണ്ണുകാണാത്ത യുവാവിനെ വളഞ്ഞിട്ട് മർദിക്കുകയുണ്ടായി. സ്ത്രീകൾക്കും മർദനമേറ്റു. എല്ലാത്തിൽനിന്നും രക്ഷപ്പെടാൻ സർക്കാർ തീവ്രവാദം ആരോപിക്കുകയാണ്. സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് സർക്കാർ വാദം. സിൽവർലൈനിലും ഇതാണ് കണ്ടത്. കേരളം തീവ്രവാദികളുടെ താവളമായെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ?-മുനീർ ചോദിച്ചു.
Summary: ''Kerala govt. accuses terrorism everywhere'', IUML leader MK Muneer criticizes Minister MV Govindan's terrorist remarks over Avikkal sewage plant strike