മാനന്തവാടിയില്‍ നിന്നും പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്

Update: 2024-02-03 06:55 GMT
Editor : Jaisy Thomas | By : Web Desk

തണ്ണീര്‍ക്കൊമ്പന്‍

Advertising

വയനാട്: മാനന്തവാടിയിൽ നിന്ന് ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. രാത്രി കര്‍ണാടകയിലെ ബന്ദിപ്പൂർ രാമപുര ആന ക്യാമ്പിലെത്തിച്ച കൊമ്പൻ ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്. ആന ചരിയാനുണ്ടായ കാരണം പരിശോധിക്കാൻ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റുമോർട്ടം നടപടികൾ അല്പസമയത്തിനകം ആരംഭിക്കും.

തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി രാവിലെയാണ് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിൽ ആശങ്ക വിതച്ച കൊമ്പനെ പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിൽ വനംവകുപ്പ് തളച്ചിരുന്നു. മയക്കുവെടി വെച്ച് പിടികൂടിയ ആനയെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ കര്‍ണാടകയിലെ ബന്ദിപ്പൂർ രാമപുര ആന ക്യാമ്പിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകള്‍ക്കുശേഷം കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം.

ബന്ദിപ്പൂരിലെത്തിച്ച ശേഷം ചരിഞ്ഞ ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ അധികൃതർ വെറ്ററിനറി സർജൻമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് നേരത്തെ എന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കേരളത്തിലെയും കര്‍ണാടകയിലെയും ഉദ്യോഗസ്ഥർ സംയുക്തമായി നടത്തുന്ന പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുള്ള വിവരങ്ങൾ ലഭിക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News