യുദ്ധഭൂമി സ്‌നേഹത്തിന് വഴിയൊരുക്കി; സൈറയുമായി ആര്യ നാട്ടിലെത്തി
യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ആര്യ നാട്ടിലെത്തി. ജീവന്റെ ജീവനായ സൈറയെ ഒപ്പം കൂട്ടിക്കൊണ്ടുതന്നെ. ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആൽഡ്രിൻ വളർത്തുനായയായ സൈറയ്ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയിൽനിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റിൽനിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു.
യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താൻ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ.
ദേവികുളം ലാക്കാട് സ്വദേശികളായ ആൽഡ്രിൻ-കൊച്ചുറാണി ദമ്പതിമാരുടെ മകൾ ആര്യ, കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. കീവിൽ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തിൽനിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകൾ സംഘടിപ്പിച്ചു.
നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോൾ തന്നോടൊപ്പം സൈറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അനുമതി കിട്ടിയതോടെ അയൽരാജ്യമായ റുമാനിയയിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രി പുറപ്പെട്ട ബസ് അതിർത്തിയിൽനിന്നു 12 കിലോമീറ്റർ ദൂരെ നിർത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ സൈറയെയും എടുത്തു നടന്നാണ് അതിർത്തിയിലെത്തിയത്.