പെരുന്നാൾ അവധി റദ്ദാക്കിയ ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും
അവധി ആവശ്യപ്പെട്ടാലും നല്‍കരുതെന്ന ഭാഗം റദ്ദാക്കി


തിരുവനന്തപുരം: പെരുന്നാൾ അവധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. അവധി ആവശ്യപ്പെട്ടാലും അനുവദിക്കരുത് എന്ന ഭാഗം റദ്ദാക്കി. അവധി ആവശ്യപ്പെടുന്നവർക്ക് അനുവദിക്കാമെന്ന് തിരുത്തിയ സർക്കുലറിൽ പറഞ്ഞു. പെരുന്നാൾ അവധി നിഷേധിച്ച വാർത്ത മീഡിയവൺ ആയിരുന്നു പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും ഈ മാസം 31ലെ പെരുന്നാൾ അവധി റദ്ദാക്കി സർക്കുലർ പുറത്തിറക്കിയത്. മാർച്ച് 29, 30, 31 തീയതികളിൽ ജോലിക്ക് ഹാജരാകാനായിരുന്നു ജീവനക്കാർക്ക് നിർദേശം നൽകിയത്. ഈ ദിവസങ്ങളിൽ അവധി അനുവദിക്കാൻ പാടില്ലെന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
പുതുതായി പുറത്തിറക്കിയ സർക്കുലർ പ്രകാരം അന്നേ ദിവസം പ്രവർത്തി ദിനമായി തന്നെ രേഖപ്പെടുത്തും. എന്നാൽ അവധി ആവശ്യപ്പെടുന്നവർക്ക് നൽകരുത് എന്ന പരാമർശം റദ്ദാക്കിയിട്ടുണ്ട്.