സഭയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല: സഭാ ആസ്ഥാനം സന്ദർശിച്ച് ഉമ തോമസ്
സഭയുടെ പിന്തുണ തേടാൻ വേണ്ടി തന്നെയാണ് ഇപ്പോൾ ഇങ്ങനെയൊരു സന്ദർശനം നടത്തിയതെന്നും ഉമ തോമസ്
സഭയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. കാക്കനാട് സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ചിറങ്ങിയതിനു പിന്നാലെയാണ് ഉമ തോമസിന്റെ പ്രതികരണം. സഭയുടെ വോട്ട് തനിക്ക് ഉറപ്പാണെന്നും ഉമ പ്രതികരിച്ചു.
സഭയിലെ മുതിർന്ന വൈദികരുമായും ഉമ തോമസ് കൂടിക്കാഴ്ച നടത്തി. വിദേശത്തു പോയതിനാൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ കാണാനായില്ലയെന്ന് ഉമ തോമസ് പറഞ്ഞു. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം വീണ്ടും സഭാ ആസ്ഥാനം സന്ദർശിക്കുമെന്നും ഉമ തോമസ് അറിയിച്ചു. ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്നുള്ള പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലാണ് ഉമ തോമസ് സഭാ ആസ്ഥാനം സന്ദർശിച്ചത്.
സഭയിലെ എല്ലാവരുടെയും വോട്ട് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വോട്ടുകളെല്ലാം തനിക്ക് നൽകുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സഭയുടെ പിന്തുണ തേടാൻ വേണ്ടി തന്നെയാണ് ഇപ്പോൾ ഇങ്ങനെയൊരു സന്ദർശനം നടത്തിയതെന്നും ഇപ്പോൾ നടക്കുന്ന വിവാദങ്ങളെയും തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയമായി തന്നെയാണ് നേരിടാൻ ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി.