തൃശൂർ പൂരം കലക്കൽ: എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കും

പരിശോധന പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും

Update: 2024-09-22 00:45 GMT
Advertising

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ സമർപ്പിച്ച തൃശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കും. 600 പേജുള്ള റിപ്പോർട്ട്‌ പരിശോധിച്ച ശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. റിപ്പോർട്ടിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഡിജിപി തയാറാക്കുന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.

അഞ്ചുമാസം മുമ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിനും ഡിജിപിയുടെ അന്ത്യശാസനത്തിനും ശേഷം ഇന്നലെ എഡിജിപി എം.ആർ അജിത് കുമാർ സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ട്‌ പ്രത്യേക ദൂതൻ വഴിയാണ് ഡിജിപിയുടെ ഓഫീസിൽ എത്തിച്ചത്.

ഇന്നലെ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്‌ ഓഫീസിൽ ഇല്ലാതിരുന്നതിനാൽ ഇന്ന് റിപ്പോർട്ട്‌ പൂർണമായി പരിശോധിക്കാനാണ് തീരുമാനം. പരിശോധന പൂർത്തിയാക്കി നാളെ വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ചൊവ്വാഴ്ചയോടെ റിപ്പോർട്ട്‌ ലഭിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

റിപ്പോർട്ടിനൊപ്പം അതിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഡിജിപി തയ്യാറാക്കുന്ന കുറിപ്പും കൈമാറും. സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും അടക്കമുള്ള ഈ റിപ്പോർട്ട് തനിക്ക് തൃപ്തികരമാണോ എന്നതും ഡിജിപി കുറിപ്പിൽ രേഖപ്പെടുത്തും. തുടർന്ന് മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും ബാക്കി നടപടികൾ.

അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക്കിനെക്കുറിച്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ നിർണായകമാണ്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അങ്കിതിനെതിരെ സർക്കാർ നേരത്തെ നടപടിയെടുത്തിരുന്നു. ആരോപണവിധേയനായ അജിത് കുമാർ തന്നെ അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടായതിനാൽ ഇത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News