ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ഫാസിസ്റ്റ് നിലപാട്: കൊടിക്കുന്നിൽ സുരേഷ് എംപി
‘മറ്റു സമുദായങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും അനുമതികൾ അനുവദിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവർക്കുള്ള നിരാകരണം വൻ വിരോധാഭാസമാണ്’


ന്യൂഡൽഹി: ഡൽഹിയിൽ സമാധാനപരമായി നടത്തിവരുന്ന കത്തോലിക്കരുടെ കുരുത്തോല പ്രദക്ഷിണത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി. പതിറ്റാണ്ടുകളായി പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലാതെ നടത്തിവരുന്ന ഈ ആത്മീയ ചടങ്ങിന് എതിരായ നടപടി ബിജെപി സർക്കാർ നയിക്കുന്ന മതനിരോധന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്.
ഇത് ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തെയും ആരാധനാവകാശത്തെയും ലംഘിക്കുന്നതാണ്. നിയമം പാലിക്കുന്നതിലും സമാധാനം പുലർത്തുന്നതിലും കത്തോലിക്ക സമൂഹം മുന്‍നിരയിൽ നിൽക്കുമ്പോൾ, നിയമസുരക്ഷയുടെ പേരിൽ അനുമതി നിഷേധിക്കുന്നതിൽ ന്യായം കാണാനാകില്ല. മറ്റു സമുദായങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും അനുമതികൾ അനുവദിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവർക്കുള്ള നിരാകരണം വൻ വിരോധാഭാസമാണ്.
ഇത്തരം നീക്കങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഭീതിയും അവഗണനയും വളർത്തുന്നുവെന്നും, രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ ഘടനയും ഇത്തരത്തിൽ ദുര്‌ബലമാകാൻ അനുവദിക്കരുതെന്നും എംപി മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം ബാധ്യസ്ഥമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.