ക്ഷേത്രോത്സവത്തിന് തയ്യാറാക്കിയ ഗ്രൗണ്ട് പെരുന്നാൾ നമസ്കാരത്തിന് വിട്ടുനൽകി; നന്ദിയറിയിച്ച് പള്ളി ഭാരവാഹികൾ
കിണാശേരി ക്ഷേത്രം കമ്മിറ്റി രാഷ്ട്രത്തിന്ന് തന്നെ മാതൃകയെന്ന് ഹുസൈൻ മടവൂർ


കോഴിക്കോട്: കിണാശേരി പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം നടക്കുന്ന ദിവസം ഉത്സവത്തിന് തയ്യാറാക്കിയ ഗ്രൗണ്ട് പെരുന്നാൾ നമസ്കാരത്തിന്ന് വിട്ടുനൽകിയ ക്ഷേത്ര കമ്മിറ്റിക്ക് നന്ദിയറിയിക്കാൻ കിണാശേരി മസ്ജിദുൽ മുജാഹിദീൻ ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. കെഎൻഎം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂരിൻ്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തിയ സംഘത്തെ ക്ഷേത്രം കമ്മിറ്റിപ്രസിഡന്റ് പി.കെ പുഷ്പരാജ്, സെക്രട്ടറി
അടിച്ചിക്കാട്ട് പ്രശോഭ്, ടി. ചന്ദ്രൻ, കെ.പി.ആർ പ്രസാദ്, സോൾജിത്ത്, കെ. സുധാകരൻ, കെ.കെ സുഹാസ്, പി. സന്തോഷ്, മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു.
വർഗ്ഗീയതയും വിഭാഗീയതയും വർദ്ധിച്ച് വരുന്ന ഇക്കാലത്ത് കിണാശേരി ക്ഷേത്രം കമ്മിറ്റി രാഷ്ട്രത്തിന്ന് തന്നെ മാതൃകയായിട്ടുണ്ടെന്നും ഇന്ത്യൻ പാർലമെൻ്റിൽ പോലും ഈ സംഭവം അവതരിപ്പിക്കപ്പെടത് സന്തോഷകരമാണെന്നും ഹുസൈൻ മടവൂർ പറഞ്ഞു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പി.കെ പുഷ്പരാജ്, സെക്രട്ടറി
അടിച്ചിക്കാട്ട് പ്രശോഭ് എന്നിവരെ ഹുസൈൻ മടവൂർ പൊന്നാട അണിയിച്ചു.
കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ ഭാരവാഹികളായ അസ്‌ലം മണലൊടി, വി.വി അയ്യൂബ്, സമീർഖാൻ, ബഷീർ അഹമ്മദ് പറക്കോട്ട്, അബ്ദുൽ റഹീം, അബ്ദുൽ ഗഫൂർ, അബ്ദുൽ സലീം, ലായിക്, കുഞ്ഞാതു കോയ തുടങ്ങിയർ സംസാരിച്ചു.