വിജയ് ബാബുവിന്‍റെ അറസ്റ്റ് അടുത്ത ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞു
അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി.
യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ നടൻ വിജയ് ബാബു ഇന്നലെയാണ് കൊച്ചിയിൽ എത്തിയത്. എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ ഹാജരായത്. ഇന്നലെ 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ , ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിൽ എന്നുമായിരുന്നു വിജയ് ബാബു മൊഴി നൽകിയത്. കൂടാതെ ഒളിവിൽ പോകാൻ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ വിജയ് ബാബു വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ദുബൈയിൽ ഒളിവിൽ കഴിഞ്ഞതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. ഒപ്പം പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും ബാങ്ക് സ്റ്റേറ്റ്മെന്‍റും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും വിജയ് ബാബു ഇന്നലെ പൊലീസിന് കൈമാറിയിരുന്നു. ഇക്കാര്യത്തിലും വിശദമായ ചോദ്യം ചെയ്യൽ ഇന്ന് ഉണ്ടാകും. അതിനാൽ രാവിലെ 9 മണിക്ക് ഹാജരാകണമെന്ന നിർദേശം നൽകിയാണ് പൊലീസ് ഇന്നലെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.