ഇടതുമുന്നണിയുടെ ആധിപത്യത്തിനേറ്റ ആഘാതം; കോണ്‍ഗ്രസ് കര കയറുകയാണോ?
തുടർച്ചയായി തോൽവികൾ കാരണം ആടിയുലഞ്ഞ യു.ഡി.എഫിന് തൃക്കാക്കരയിലെ ഉജ്ജ്വല വിജയം പുതുശ്വാസം പകരും
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ 2016 മുതൽ ഇടതുമുന്നണി തുടരുന്ന ആധിപത്യത്തിനാണ് തൃക്കാക്കരയിൽ ആഘാതമേറ്റത്. വിലയ തോൽവി നേരിടേണ്ടവന്നത് മണ്ഡലത്തിൽ തമ്പടിച്ച് പ്രചാരണം നയിച്ച പിണറായി വിജയനും തിരിച്ചടിയായി. തുടർച്ചയായി തോൽവികൾ കാരണം ആടിയുലഞ്ഞ യു.ഡി.എഫിന് തൃക്കാക്കരയിലെ ഉജ്ജ്വല വിജയം പുതുശ്വാസം പകരും.
2016ലെ നിയമസഭാ വിജയം. 2021 ൽ ചരിത്രം തിരുത്തിയ തുടർഭരണം. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ അതി ഗംഭീരരമായ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. പിണറായി വിജയനെന്ന നേതാവ് അജയ്യനെന്ന പ്രതീതി സൃഷ്ടിച്ച് മുന്നേറിയ കാലം. തൃക്കാക്കരയിൽ സ്ഥാനാർഥിക്ക് പകരം പിണറായിയുടെ ചിത്രം വച്ച് പത്ര പരസ്യം നൽകാൻ വരെ ഇടതുമുന്നണിക്ക് ഇത് ധൈര്യം നൽകി. എന്നാൽ തൃക്കാക്കരയിലെ ഫലം ആ തേരോട്ടത്തിന് തടയിട്ടു. കടുത്ത മത്സരം പ്രതീക്ഷിച്ച യു.ഡി.എഫിനെ പോലും ഞെട്ടിച്ച ഭൂരിപക്ഷം ഏറ്റവും വലിയ തിരിച്ചടിയായത് പിണറായി വിജയനാണ്.
ക്യാപ്റ്റൻ എന്ന പ്രതിച്ഛായ നിർമിച്ച് അതിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയെന്ന ഇടത് തന്ത്രം തൃക്കാക്കരയിൽ പിഴച്ചു. മണ്ഡലത്തിൽ ദിവസങ്ങളോളം തമ്പടിച്ചാണ് പിണറായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയച്ചത്. അതുകൊണ്ടുതന്നെ പരാജയം പിണറായിയുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാൻ ഇടത് നേതൃത്വം പെട്ടെന്ന് രംഗത്തിറങ്ങി.
2016ല്‍ തുടങ്ങിയ തിരിച്ചടികളിൽ നിന്ന് കര കയറുന്നുവെന്ന സൂചനയാണ് തൃക്കാക്കര കോൺഗ്രസിന് നൽകുന്നത്. തുടർച്ചയായ തോൽവികളിൽ ആടിയുലയുകയായിരുന്നു കോൺഗ്രസ്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ പിടിച്ചെടുത്തപ്പോൾ രണ്ട് സീറ്റ് കൈവിട്ടു. മുതിർന്ന നേതാക്കൾ പോലും പാർട്ടിയോട് ഇടഞ്ഞു. കെ.വി തോമസ് പാർട്ടി വിട്ടു. മുന്നണിയിലും അപസ്വരമുയർന്നു. തകർന്ന് തരിപ്പണമായ കോൺഗ്രസിന്‍റെ തിരിച്ചുവരവിനും യു.ഡി.എഫിന്‍റെ പുനരുജ്ജീവനത്തിനും തൃക്കാക്കര തുടക്കം കുറിക്കും.