കൊയ്ത്തു യന്ത്രങ്ങൾ ഉപയോഗ ശൂന്യമാകാനുള്ള പ്രധാനകാരണം പ്രവർത്തിപ്പിക്കുന്നതിൽ ഉണ്ടായ വീഴ്ചയെന്ന് കൃഷി മന്ത്രി
അറ്റകുറ്റ പണി നടക്കാത്തത് മാത്രമല്ല കാലപ്പഴക്കവും തിരിച്ചടിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കോട്ടയം: വൈക്കത്ത് കൃഷി വകുപ്പിന്‍റെ കീഴിലുള്ള കൊയ്ത്തു യന്ത്രങ്ങൾ ഉപയോഗ ശൂന്യമാകാനുള്ള പ്രധാനകാരണം പ്രവർത്തിപ്പിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. അറ്റകുറ്റ പണി നടക്കാത്തത് മാത്രമല്ല കാലപ്പഴക്കവും തിരിച്ചടിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് കൃത്യസമയത്ത് കൊയ്ത്തു മെതിയെന്ത്രങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗ്രോ ഇൻഡസ്ട്രീസിന്‍റെ വൈക്കത്തുളള ഓഫീസിൽ മുപ്പതോളം കൊയ്ത്തു യന്ത്രങ്ങളാണ് വെറുതെ കിടന്ന് നശിക്കുന്നത്. ഇത് മീഡിയവൺ പുറത്ത് കൊണ്ടു വന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മന്ത്രി വിശദാംശങ്ങൾ പങ്കുവെച്ചത്. കൃഷി വകുപ്പിന് കീഴിലുള്ള കൊയ്ത്ത് യന്ത്രങ്ങളെ കുറിച്ച് പഠന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കൂടാതെ മറ്റൊരന്വേഷണം നടത്തി. ഈ റിപ്പോർട്ടുകൾ പരിശോധിച്ചാണ് തുടർ നടപടികൾക്ക് നീക്കം ആരംഭിച്ചിരിക്കുന്നത്. കൊയ്ത്തു യന്ത്രങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.