റേഷന്‍ വ്യാപാരികളുടെ പണിമുടക്ക് പിന്‍വലിക്കണം: മന്ത്രി ജി.ആര്‍ അനില്‍

‘വ്യാപാരികള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളോടും അനുഭാവപൂര്‍വ്വമായ നിലപാടാണ് സര്‍ക്കാരിനുള്ളത്​’

Update: 2025-01-20 14:12 GMT
gr anil
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ജനുവരി 27 മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക്​ പിൻവലിക്കണമെന്ന്​ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍. റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം (ഡയറക്ട് പേമെന്റ് സിസ്റ്റം) ഉപേക്ഷിക്കുക, വേതന പാക്കേജ് പരിഷ്കരിക്കുക, കമ്മീഷൻ അതാത് മാസം നൽകുക, റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏര്‍പ്പെടുത്തുക, റേഷന്‍ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുക, 2021 ലെ KTPDS (Control) Order -ല്‍ ആവശ്യമായ ഭേദഗതി വരുത്തുക തുടങ്ങി നിരവധിയായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ചര്‍ച്ചയില്‍ വ്യാപാരികള്‍ ഉന്നയിച്ച ഓരോ ആവശ്യങ്ങളിന്‍മേലും വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി.

രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂര്‍ണ്ണമായും കോര്‍പ്പറേറ്റ് കുത്തകകളുടെ കൈകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നതെന്നും പ്രസ്തുത നിലപാടിനോട് സംസ്ഥാന സര്‍ക്കാരിന് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു.

2021-ലെ KTPDS (Control) Order കാലോചിതമായി പരിക്ഷകരിക്കണമെന്നത് റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. റേഷന്‍ വ്യാപാരി സംഘടനകളുമായി നടത്തിയ നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ KTPDS (Control) Order ല്‍ സമഗ്രമായ ഭേതഗതികള്‍ വരുത്തിയിട്ടുണ്ട്. കേരള റേഷന്‍ വ്യാപാരി ക്ഷേമനിധി ആക്റ്റില്‍ ആവശ്യമായ ഭേതഗതി വരുത്തിക്കൊണ്ട് വ്യാപാരികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പു വരുത്തി ക്ഷേമനിധിയെ ശക്തിപ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികള്‍ക്ക് ഗുണകരമായ രീതിയിലുള്ള ഒരു സ്കീം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ ആകര്‍ഷണീയമായ ഒരു വിരമിക്കല്‍ ആനുകൂല്യ പദ്ധതി ക്ഷേമനിധി കമ്മിറ്റി തയ്യാറാക്കി സര്‍ക്കാരിലേയ്ക്ക് നല്‍കുന്ന പക്ഷം ആയത് പരിഗണിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഒരു മാസം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷന്‍ വ്യാപാരികള്‍ക്ക് ഒരു മാസം കമ്മീഷന്‍ നല്‍കുന്നതിന് 33.5 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നു. ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷന്‍ വ്യാപാരികള്‍ക്ക് നിലവില്‍ ലഭിച്ചു വരുന്ന ശരാശരി കമ്മീഷന്‍ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന കമ്മീഷന്‍ നിരക്കാണ്. വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റലിന് ഏകദേശം 247 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതായത് ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര അനുവദിക്കുന്നത്.

വേതന പരിഷ്കരണം എന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വ്വമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍, നിയന്ത്രണത്തിലുള്ള ഒരു മേഖലയിലും വേതന പരിഷ്കരണം നടപ്പിലാക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ല സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയെ ശക്തിപ്പെടുത്തി വ്യാപാരികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം നല്‍കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് സമാശ്വാസ കിറ്റ് നല്‍കിയ വകുയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളള 13.96 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി നേതാക്കളെ അറിയിച്ചു. കിറ്റ് നല്‍കിയ വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ 40 കോടിയോളം രൂപ നല്‍കിയിട്ടുണ്ട്.

വ്യാപാരികള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളോടും അനുഭാവപൂര്‍വ്വമായ നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സംഘടനാ നേതാക്കളയി ജി. സ്റ്റീഫന്‍ എം.എല്‍.എ, ജോണി നെല്ലൂര്‍, സജിലാല്‍, കൃഷ്ണപ്രസാദ്, മുഹമ്മദലി, ശശിധരന്‍, കാരേറ്റ് സുരേഷ്, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News