'പഞ്ചായത്ത് മെമ്പറായാൽ മൂക്കിന് ജൈവ പരിണാമം വരില്ല'; പരിഹാസവുമായി മന്ത്രി പി. രാജീവ്

മാലിനീകരണവുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയെന്നാണ് മന്ത്രി പറഞ്ഞുവെക്കുന്നത്

Update: 2023-02-17 05:35 GMT
Advertising

കൊച്ചി: മലനീകരണപ്രശ്‌നമുന്നയിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വ്യവസായ മന്ത്രി പി.രാജീവിന്റെ പരിഹാസം. മണത്തു നോക്കി വ്യവസായ സ്ഥാപനങ്ങളിലെ മലിനീകരണം കണ്ടുപിടിച്ച് സെക്രട്ടറിമാരെ കൊണ്ട് സ്റ്റേപ് മെമ്മോ കൊടുപ്പിക്കുകയാണ് മെമ്പർമാർ. പഞ്ചായത്ത് മെമ്പറായാൽ മൂക്കിന് ജൈവ പരിണാമം വരില്ലെന്നും മന്ത്രി പറഞ്ഞു. ഈ മാസം നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ കൊച്ചിയിൽ നടന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഗ്ലോബല്‍ എക്‌സ്‌പോയിലായിരുന്നു മന്ത്രിയുടെ പ്രസംഗം.


മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ആഗോള മാതൃകകൾ പരിചയപ്പെടുത്തുന്ന പരിപാടിയിലാണ് മന്ത്രി ജനപ്രതിനിധികളെ പരിഹസിച്ച് സംസാരിച്ചത്. മാലിനീകരണവുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളാണ് സര്‍ക്കാരിന് വെല്ലുവിളിയെന്നാണ് മന്ത്രി പറഞ്ഞുവെക്കുന്നത്. 'ഈ വിഷയങ്ങൾ ഏറ്റെടുക്കുന്നത് പലപ്പോഴും തദ്ദേശസ്ഥാപനങ്ങിലെ മെമ്പർമാരാണ്. ഇത്തരം സമരങ്ങളെല്ലാം ജനകീയ സമരങ്ങളായി ഉയർന്നുവരുന്നത്. പിന്നീട് രാഷ്ടീയ പാർട്ടികൾക്ക് അത് ഏറ്റെടുക്കേണ്ടിവരികയുമാണ്. അങ്ങനെ ഏറ്റെടുത്തില്ലെങ്കിൽ രാഷ്ട്രീയമായി ഒറ്റപ്പെടുകയും തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അത് ഭയന്നിട്ടാണ് ഇത്തരം സമരങ്ങൾ രാഷ്ടീയപാർട്ടികൾ ഏറ്റെടുക്കുന്നത്. ഈ പ്രശ്‌നത്തിലെ പ്രതിസന്ധി തന്നെയാണ് സർക്കാരിനെ അസ്വസ്ഥപ്പെടുത്തുന്നത്'.  ജീവിക്കാൻ കഴിയാത്ത അത്രയും വായുമലിനീകരണം കൊച്ചി നഗരത്തിലുണ്ടെന്ന് വെളിപ്പെടുത്തുന്ന കൊച്ചിക്ക് ശ്വാസം മുട്ടുന്നവെന്ന പരമ്പരക്ക് മീഡിയവണ്ണാണ് തുടക്കം കുറിച്ചിരുന്നു.

രാസ ബാഷ്പ മാലിന്യമായ പിഎം 2.5ന്റെ തോത് വർധിക്കുന്നതാണ് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന 'പി.എം 2.5' തോത് കഴിഞ്ഞ ദിവസവും കൊച്ചിയിൽ മുന്നൂറിന് മുകളിലെത്തി.



ഫാക്ടറികളിൽ നിന്നോ മറ്റ് ഉറവിടങ്ങളിൽ നിന്നോ പുറന്തള്ളുന്ന രാസമാലിന്യങ്ങളും കരിയും പൊടിയും പോലുളള സൂക്ഷ്മ കണികകളും നീരാവിയുമായി കൂടിച്ചേർന്നാണ് 'പി.എം 2.5' രൂപപ്പെടുന്നത്. ഇതിന്റെ തോത് ഉയരുന്നത് ഗർഭിണികളിലും കുട്ടികളിലും പ്രായമായവരിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയുടെ അന്തരീക്ഷത്തിൽ 'പി.എം 2.5'ന്റെ അളവ് അപകടകരമായ രീതിയിൽ വർധിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം മൂന്നൂറ്റി എട്ടിലേക്ക് കണക്കുകളെത്തി. രാസ ബാഷ്പ മാലിന്യത്തിന്റെ തോത് 50ൽ കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പറയേണ്ടി വരും.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News