തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ ഓഫീസ് സീൽ ചെയ്തു
വിജിലന്‍സ് ആവശ്യപ്രകാരമാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി
കൗണ്‍സിലർമാർക്ക് ഓണ സമ്മാനമായി പണം നല്‍കിയെന്ന പരാതി ഉയർന്ന തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ ഓഫീസ് നഗരസഭാ സെക്രട്ടറി സീൽ ചെയ്തു. വിജിലന്‍സ് ആവശ്യപ്രകാരമാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി. നഗരസഭയിലെ സിസി ടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് ഓഫീസ് പൂട്ടാന്‍ വിജിലന്‍സ് നിർദേശിച്ചത്. വിജിലൻസ് നടപടിയെ നിയമപരമായി നേരിടുമെന്ന് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ പറഞ്ഞു.
ചെയർപേഴ്സന്‍റെ മുറിയിലുള്ള സിസി ടി വി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുറി പൂട്ടി സീൽ ചെയ്തിരിക്കുന്നത്. വിജിലൻസിന്‍റെ അനുമതിയില്ലാതെ ഇനി തുറക്കരുതെന്നാണ് നിർദേശം. ഹാർഡ് ഡിസ്ക്, മോണിറ്റർ, സി പി യു തുടങ്ങിയ ഉപകരണങ്ങൾ തെളിവായി സംരക്ഷിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശേഖരിച്ച സിസി ടി വി ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്ന സിസി ടി വി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ അതിൽ പണമായിരുന്നുവോ എന്നുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് മുറി സീൽ ചെയ്തിരിക്കുന്നതെന്നാണ് വിവരം.