സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം സഭയിൽ ഉന്നയിക്കും; തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് യു.ഡി.എഫ് യോഗം
സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നു ആരോപിച്ചാകും അടിയന്തര പ്രമേയ നോട്ടീസ് നൽകുക
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നു ആരോപിച്ചാകും അടിയന്തര പ്രമേയ നോട്ടീസ് നൽകുക. ട്രഷറി നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയേക്കും.
റോജി എം.ജോൺ നോട്ടീസ് നൽകും. കേരള നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി ബിൽ, സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കൽ ബിൽ എന്നിവയും ഇന്ന് സഭയിൽ വരും. സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരും. റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾക്ക് അംഗീകാരം നൽകുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ദീർഘകാല കരാറിന് അംഗീകാരം നൽകുന്ന കാര്യത്തിൽ പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് വെക്കാനാണ് ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ഇതുവരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് അന്തിമരൂപമായതായി സ്ഥിരീകരണമില്ല. വയനാട് കണ്ണോത്തുമലയിൽ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായത്തിന് നൽകുന്ന കാര്യം മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.
അതേസമയം സംസ്ഥാന സർക്കാറിനെതിരായ സമരം ശക്തിപ്പെടുത്താനൊരുങ്ങി യു ഡി.എഫ്. സമരപരിപാടികൾക്ക് രൂപം നൽകാനായി യു.ഡി.എഫ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്ക് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരങ്ങൾക്കും പുതിയ തിയതികൾ തീരുമാനിക്കും. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആയുധമായി നിലനിർത്തുന്ന രീതിയിൽ തുടർ സമരങ്ങൾ നടത്താനാണ് യു.ഡി.എഫ് നീക്കം.