ഒരു വിഭാഗം ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതം; ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി

'സാംസ്കാരിക നായകർ ഇക്കാര്യം മനസിലാക്കണം'

Update: 2025-04-13 14:37 GMT
Editor : നബിൽ ഐ.വി | By : Web Desk
ഒരു വിഭാഗം ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതം; ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി
AddThis Website Tools
Advertising

തിരുവനന്തപുരം: ഒരു വിഭാഗം ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ ഇക്കാര്യം മനസിലാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. ആശാ സമരപ്പന്തലിൽ കഴിഞ്ഞ ദിവസം നടന്ന പൗരസാഗരത്തിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആശാ പദ്ധതി കേന്ദ്ര പദ്ധതിയായതിനാൽ ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം വ്യക്തമാക്കി.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആശമാർക്ക് ഓണറേറിയമായി 1000 രൂപ മാത്രമായിരുന്നു. തുടർന്ന് ആകെ 6000 രൂപയുടെ വർധനവാണ് എൽഡിഎഫ് സർക്കാർ നൽകിയത്. നിലവിൽ 7000 രൂപ ഓണറേറിയവും, ഇൻസെന്റീവ് ഉൾപ്പെടെ നല്ല സേവനം ചെയ്യുന്ന ആശയ്ക്ക് 13000 രൂപവരെ ലഭിക്കുന്നു. ഇതിൽ ഓണറേറിയവും ഇൻസെന്റീവിന്റെ 40 ശതമാനവും സംസ്ഥാന സർക്കാർ നൽകിയതാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ആശാ ഇൻസെന്റീവ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി 2024 സെപ്റ്റംബർ 17ന് കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. അതിനു മുൻപേതന്നെ എൻഎച്ച്എം കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. 2023–24 സാമ്പത്തിക വർഷത്തിലെ 636 കോടിയുടെ എൻഎച്ച്എം കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും കേരളത്തിലെ എംപിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ നടക്കുന്ന സമരം ചെറിയൊരു വിഭാഗം ആശമാരുടേതാണ്. 26,125 ആശമാരിൽ 99 ശതമാനം ഫീൽഡിൽ സേവനത്തിലാണ്. ചെറിയ വിഭാഗമാണെങ്കിലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാരിന്റെ നിലപാട് ചർച്ച നടത്തണം എന്നതാണ്. ആരോഗ്യ മന്ത്രി മൂന്ന് പ്രാവശ്യം സമര സമിതിയുമായി ചർച്ച നടത്തിയിരുന്നു. ധനകാര്യ മന്ത്രി ഓൺലൈനായി പങ്കെടുത്ത മൂന്നാമത്തെ ചർച്ചയോടെയാണ് കമ്മിറ്റിയുടെ രൂപീകരണ തീരുമാനം എടുത്തത്. ആരോഗ്യ വകുപ്പ് മന്ത്രി ഫെബ്രുവരി ആറിന് ഫെഡറേഷനുമായും ഉദ്യോഗസ്ഥ തലത്തിൽ മറ്റ് ചർച്ചകളും നടത്തി. ശൈലി സർവേയിലെ ഒടിപി സംവിധാനം പിൻവലിക്കുകയും ലെപ്രസി സർവെയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഫെബ്രുവരിവരെ ഓണറേറിയം ഇൻസെന്റീവ് എന്നിവയും നൽകിയതായി മന്ത്രി വ്യക്തമാക്കി.

വിരമിക്കൽ പ്രായം 62 ആക്കിയ സർക്കാർ ഉത്തരവ് മരവിപ്പിക്കുകയും, എല്ലാ ആശമാർക്കും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ആയുഷ് മേഖലയിലൂടെ ചിലർക്കുള്ള ഇൻസെന്റീവ് എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. സമരം തുടരുന്ന സാഹചര്യത്തിൽ സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങിയ ട്രേഡ് യൂണിയനുകളുമായും സമര സമിതിയുമായും മന്ത്രി ചർച്ച നടത്തി. ബഹുഭൂരിപക്ഷ ട്രേഡ് യൂണിയനുകളുടെ നിർദേശപ്രകാരം ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനമായി. ആശമാരുടെ ഓണറേറിയം ഉൾപ്പെടെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യം, തൊഴിൽ, ധനകാര്യം, എൻഎച്ച്എം വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാകും രൂപീകരിക്കുകയെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News