'പരസ്യപ്രതികരണം തെറ്റായിപ്പോയി, എന്ത് നടപടിയെടുത്താലും അംഗീകരിക്കും'; നിലപാട് മയപ്പെടുത്തി എ.പത്മകുമാർ
തന്‍റെ പേരിൽ പ്രശസ്തരാവാനാണ് ബിജെപി ജില്ലാനേതാക്കൾ ശ്രമിച്ചതെന്നും പത്മകുമാർ


പത്തനംതിട്ട: നിലപാട് മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവ് എ.പത്മകുമാർ. പരസ്യപ്രതികരണം തെറ്റായിപ്പോയെന്നും നാളെ ജില്ലാക്കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്നും പത്മകുമാർ പറഞ്ഞു. 'എന്ത് നടപടിയെടുത്താലും അംഗീകരിക്കും. മനുഷ്യനാകുമ്പോൾ തെറ്റും ശരിയും ഉണ്ടാകും.വീണാ ജോര്‍ജിന്‍റെ കഴിവില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ആ സമയത്ത് ഉണ്ടായ വൈകാരിക പ്രകടനമാണ് താന്‍ നടത്തിയത്'..പത്മകുമാര്‍ പറഞ്ഞു.
തന്റെ പേരിൽ പ്രശസ്തരാവാനാണ് ബിജെപി ജില്ലാനേതാക്കൾ ശ്രമിച്ചത്. അതുകൊണ്ടാണ് താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന് ഫോട്ടോ എടുത്തതെന്നും പത്മകുമാർ പറഞ്ഞു.
വീണാ ജോർജിനെ പരിഗണിച്ചതിനെതിരെ പരസ്യമാക്കിയത് തന്റെ അഭിപ്രായം മാത്രമല്ലെന്നും ജില്ലയിലെ മറ്റ് ചില നേതാക്കൾക്കും സമാന അഭിപ്രായമുണ്ടെന്നും പത്മകുമാർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ജില്ലാ നേതൃത്വത്തിനും ബോധ്യമായതോടെയാണ് നടപടിക്ക് പകരം അനുനയ നീക്കങ്ങളുണ്ടായത്. ജനപ്രതിനിധിയായി മാത്രം പ്രവർത്തന പരിചയമുള്ള വീണാ ജോർജിന് സിപിഎം അമിത പരിഗണന നൽകുന്നുവെന്ന പരാതി പത്തനംതിട്ട ജില്ലയിലെ പാർട്ടിക്കുള്ളിൽ ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി. ജില്ലയിൽ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഒരാളെ പോലും ഉൾപ്പെടുത്താത്തതിലും അമർഷം പ്രകടമാണ്.