'കാണികളെ വില കുറച്ച് കണ്ടതിന്റെ ഫലം': മത്സരമെത്തിയിട്ടും പാതിയൊഴിഞ്ഞ് കാര്യവട്ടം സ്റ്റേഡിയം
പട്ടിണി കിടക്കുന്നവരുടെ വീട്ടിൽ പട്ടിയെ പോലെ വോട്ട് വാങ്ങാൻ പ്രശ്‌നമില്ലെന്നാണ് ആരാധകരുടെ പക്ഷം
കാത്തിരിപ്പുകൾക്കൊടുവിൽ കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സത്തിന്റെ ദിനമെത്തി. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് ഒന്നര മുതലാണ് മത്സരം. എന്നാൽ മത്സരം അടുക്കാറായിട്ടും മന്ദഗതിയിലാണ് കാര്യവട്ടത്തേക്ക് കാണികളുടെ ഒഴുക്ക്. കളിയാരവങ്ങൾക്ക് മുമ്പ് തന്നെ വിവാദങ്ങളുടലെടുത്തത് കാഴ്ചക്കാരുടെ എണ്ണത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പരിഭവം.
മത്സരത്തിന് വിനോദ നികുതി കുത്തനെ കൂട്ടിയതും ഇത് ന്യായീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ വിവാദ പ്രസ്താവനയുന്നയിച്ചതുമെല്ലാം കാണികളുടെ എണ്ണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
30000ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണ് കാര്യവട്ടത്തേത്. എന്നാൽ പകുതി സീറ്റുകളിലെങ്കിലും ആളുകളെത്തിയാൽ മതിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പട്ടിണി കിടക്കുന്നവരുടെ വീട്ടിൽ പട്ടിയെ പോലെ വോട്ട് വാങ്ങാൻ പ്രശ്‌നമില്ലെന്നും മന്ത്രിയുടെ പ്രസ്താവന ടിക്കറ്റ് വിൽപനയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നുമെല്ലാം ആരാധകർ അഭിപ്രായപ്പെടുന്നു. കാണികളെ വില കുറച്ച് കണ്ടതിനുള്ള മറുപടിയാകാം പാതിയൊഴിഞ്ഞ സ്റ്റേഡിയം എന്നാണ് ഇവരുടെ വിലയിരുത്തൽ. സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ടുകൾ നിരത്തി ആരാധകരുണ്ടെങ്കിലും സാധാരണ ഒരു ഏകദിനത്തിൽ പ്രതീക്ഷിക്കാവുന്ന ആവേശം കാര്യവട്ടത്ത് കാണാനാവാത്തതിൽ നിരാശയിലാണ് ഇവരും.
തിരുവനന്തപുരത്ത് ഇന്ന് പരീക്ഷ നടക്കുന്നുണ്ട് എന്നതും കുറച്ച് നാൾ മുമ്പാണ് ഇവിടെ ഒരു മത്സരം നടന്നത് എന്നതുമൊക്കെ മത്സരത്തിലേക്ക് കാണികളുടെ വരവ് കുറച്ചിരിക്കാമെങ്കിലും രാഷ്ട്രീയപരമായ കാരണം തന്നെയാണ് കൂടുതൽ പേരും ചൂണ്ടിക്കാട്ടുന്നത്. കാണികളെ വില കുറച്ചു കാണുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എല്ലാവർക്കും തന്നെ. മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് ഇത്തരത്തിലല്ല മറുപടി പറയേണ്ടത് എന്നത് സമ്മതിക്കുമ്പോഴും പ്രസ്താവനയോടുള്ള നീരസം മിക്കവരും മറച്ചു വയ്ക്കുന്നില്ല.
23000 ടിക്കറ്റുകൾ വിൽപനയ്ക്ക് വച്ചതിൽ ഇന്നലെ വൈകിയും എണ്ണായിരത്തിനോടടുത്ത് ടിക്കറ്റുകൾ മാത്രമായിരുന്നു വിറ്റുപോയത്. 2000,1000,വിദ്യാർഥികൾക്ക് 500 എന്നിങ്ങിനെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇതിന് പുറമേയാണ് 30 ശതമാനം നികുതിയും ചുമത്തിയത്.
അതേസമയം രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിനാൽ കൂടുതൽ താരങ്ങൾക്ക് ഇന്ന് ഇന്ത്യ അവസരം നൽകിയേക്കും. രോഹിത് ശർമ,വിരാട് കോഹ് ലി,ഹാർദ്ദിക് പാണ്ഡ്യ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളാരും കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിന് എത്തിയിരുന്നില്ല. സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ,അർഷ്ദീപ് സിങ് തുടങ്ങിയവർ കാര്യവട്ടത്ത് കളിച്ചേക്കുമെന്നാണ് സൂചന