നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പർക്ക പട്ടികയിൽ 371 ആളുകള്‍
നിപ സ്ഥിരീകരിച്ച മൂന്ന് പേരുടെ സമ്പർക്ക പട്ടികയിൽ 702 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ആഗസ്റ്റ് 22 ന് രോഗ ലക്ഷങ്ങൾ തുടങ്ങി. ആഗസ്റ്റ് 23 വൈകീട്ട് 7 ന് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 25 രാവിലെ 11 ന് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30ന് കള്ളാഡ് ജുമാ മസ്ജിദിലും ഇയാള്‍ എത്തിയിരുന്നു.
ആഗസ്റ്റ് 26 ന് രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലിയുടെ ക്ലിനിക്കിൽ ഇദ്ദേഹം വന്നിരുന്നു. ആഗസ്റ്റ് 28ന് രാത്രി 09:30ന് തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലും ആഗസ്റ്റ് 29 അർധരാത്രി 12 ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലും എത്തിയ ഇയാള്‍ ആഗസ്റ്റ് 30 ന് ഇതേ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങിലും നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു.
702 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 ആളുകളും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 ആളുകളുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.