ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും
ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി ഇന്നലെ രാത്രി സംപ്രേഷണം ചെയ്തിരുന്നു.
തിരുവനന്തപുരം: വിവാദമായ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതുസ്ഥലങ്ങളിലും പ്രദർശനമുണ്ടാകും. തിരുവനന്തപുരത്ത് കരമനയിലും തിരുമലയിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. യൂത്ത് കോൺഗ്രസാണ് രണ്ടിടത്തും പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്കാണ് പ്രദർശനം.
യൂത്ത് കോൺഗ്രസിന് പുറമെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങിയ സംഘടനകൾ ഇന്നലെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വ്യക്തമാക്കിയിരുന്നു.
ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും യുവമോർച്ചയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ജലപീരങ്കി അടക്കം ഉപയോഗിച്ചാണ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടത്.