കോതമംഗലത്തെ ആദിവാസി മേഖലയിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്ക ഉയർത്തുന്നു
കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ കോവിഡ് പോസിറ്റീവ് ആയ 50 പേരെ ഇന്നലെ കോതമംഗലം താലൂക്കിലെ വിവിധ കോവിഡ് കെയർ സെന്‍ററുകളില്‍ പ്രവേശിപ്പിച്ചു
എറണാകുളം കോതമംഗലത്തെ ആദിവാസി മേഖലയിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്ക ഉയർത്തുന്നു. കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ കോവിഡ് പോസിറ്റീവ് ആയ 50 പേരെ ഇന്നലെ കോതമംഗലം താലൂക്കിലെ വിവിധ കോവിഡ് കെയർ സെന്‍ററുകളില്‍ പ്രവേശിപ്പിച്ചു.
കോവിഡ് മഹാമാരി വ്യാപിക്കാതിരുന്ന ഇടങ്ങളായിരുന്നു ആദിവാസികുടികളെങ്കിൽ സ്ഥിതി ഇന്ന് വ്യത്യസ്തമാകുകയാണ് . കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടികളില്‍ ഇന്നലെ നടത്തിയ പരിശോധനയിൽ 50 ശതമാനത്തിലേറെ പേർക്ക് കോവിഡ് പോസിറ്റീവ് ആണ്. പൂയംകുട്ടിയിലെ ബ്ലാവന കടവിൽ നിന്നും എട്ടു കിലോമീറ്റര്‍ ദുർഘടമായ കാട്ടുപാതകൾ താണ്ടി വേണം കുട്ടമ്പുഴ ആദിവാസികുടികളിൽ എത്താൻ . കോവിഡ് പോസിറ്റീവ് ആയവരെ ജങ്കാർ മാര്‍ഗം വനത്തിനു പുറത്തെത്തിച്ച് ആംബുലൻസിൽ കോതമംഗലം താലൂക്കിലെ വിവിധ കോവിഡ് സെന്‍ററുകളില്‍ എത്തിച്ചു ചികിത്സ നൽകിവരികയാണ് .
തഹസില്‍ദാരുടെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് അധികൃതർക്ക് പുറമെ ആരോഗ്യം , പൊലീസ് ,വനം ട്രൈബൽ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ആദിവാസികുടികളിലെ പ്രവർത്തനം . തഹസിൽദാർ വില്ലേജ് ഓഫീസർ ഉൾപ്പെടെ പത്തംഗ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.