കരിപ്പൂരിലെ ഹജ്ജ് യാത്രാനിരക്ക്; സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഇന്ന് കേന്ദ്ര വ്യോമയാനമന്ത്രിയെ കാണും
റീ ടെന്‍ഡർ ഉള്‍പ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും
കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റീ ടെന്‍ഡർ ഉള്‍പ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ ഹജ്ജ് യാത്രാ നിരക്കിന്റെ ഇരട്ടി കരിപ്പൂരില്‍ നിന്ന് ഈടാക്കാനുള്ള നീക്കം വലിയ പ്രതിഷേധമാണ് മലബാറില്‍ ഉയർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാന്‍ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി ഡൽഹിയിലെത്തിയത്.
വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരിലിറങ്ങാന്‍ അനുമതിയില്ലാത്തത് കാരണമാണ് സൗദി എയർലൈന്‍സ് ഉള്‍പ്പെടെ മറ്റു വിമാനകമ്പനികള്‍ കരിപ്പൂരിലെ ടെന്‍ഡറില്‍ പങ്കെടുക്കാത്തത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതി നൽകിയ ശേഷം റീ ടെന്‍ഡർ നടത്തിയാല്‍ യാത്രാ നിരക്ക് വലിയ തോതില്‍ കുറക്കാന്‍ കഴിയും. അതിനും കഴിഞ്ഞില്ലെങ്കില്‍ നിരക്ക് കുറക്കാൻ എയർ ഇന്ത്യയോട് വ്യോമയാന മന്ത്രാലയത്തിന് ആവശ്യപ്പെടാനാകും.
മറ്റു കമ്പനികളെക്കൂടി ഉൾപ്പെടുത്തി റീ ടെൻഡർ ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നാകും കേന്ദ്രമന്ത്രിയോട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുക. ഇതിനിടെ കരിപ്പൂർ എംബാർക്കേഷന്‍ നൽകിയവരെ കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും കുറഞ്ഞ നിരക്കിൽ കൊണ്ടുപോകാൻ തയാറാണെന്ന് കാണിച്ച് സൗദി വിമാനകമ്പനിയായ നാസ് എയർലൈന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഓരോ എംബാർക്കേഷന്‍ കേന്ദ്രത്തിലും ഒരു വിമാനക്കമ്പനിയെന്ന നിലവിലെ മാനദണ്ഡം മാറ്റിയാലേ ഇത് സാധ്യമാകൂ. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുസ്‍ലിം സംഘടനകളും കരിപ്പൂരിലെ ഉയർന്ന നിരക്കിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ്.
അതേസമയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്ക്രിയമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഒരു വർഷത്തോളമായി ഹജ്ജ് കമ്മറ്റി യോഗം ചേർന്നിട്ടില്ല. ഹജ്ജിനായി നടത്തേണ്ട ഒരുക്കങ്ങൾ മന്ദഗതിയിലാണന്നെ വിമർശനവും ഉയരുന്നുണ്ട്. ഈ വർഷത്തെ ഹജ്ജിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടും ഹജ്ജ് കമ്മിറ്റി യോഗം നടക്കുന്നില്ല. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് ഹജ്ജ് കമ്മിറ്റിയെ മാറ്റിയതോടെ അധികാരം ഇല്ലാതായെന്ന് മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പറായിരുന്ന അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. എ.പി അബ്ദുള്ള കുട്ടി ചെയർമാനായതിന് ശേഷം വളരെ കുറച്ച് മാത്രമെ യോഗം ചേർന്നിട്ടുള്ളത്. ഹറമിന് സമീപത്ത് കെട്ടിടം വാടകക്ക് എടുക്കുന്ന നടപടി അടക്കം വൈകുന്നതായും വിമർശനം ഉയരുന്നുണ്ട്.