സംപ്രേഷണ വിലക്ക്; മീഡിയവണിന്‍റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും.
സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും.
സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനും ഹരജി നൽകിയത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി വിധിക്ക് ആധാരമായ രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാറിന് സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. കേന്ദ്രം സമർപ്പിച്ച രേഖകളിൽ കാര്യമായ വിവരങ്ങളില്ലെന്ന കോടതി ഉത്തരവിലെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പരാമർശിച്ചിരുന്നു.
വാദം പൂർത്തിയാകുന്നത് വരെ ഇടക്കാല സംരക്ഷണം നൽകണമെന്ന മീഡിയവണിന്‍റെ ആവശ്യത്തിലും കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഹൈക്കോടതിയിൽ വാദം പൂർത്തിയായ ശേഷം തങ്ങളെ അറിയിക്കാതെ നോട്ടീസയച്ച് സർക്കാർ ഫയലുകൾ വിളിച്ച് വരുത്തിയ ഹൈക്കോടതി നടപടിയെയും മീഡിയവണ്‍ ചോദ്യം ചെയ്യുന്നുണ്ട്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് ഹാജരാകുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഹാജരായിരുന്നില്ല.