കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ
കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്
കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ-റെയിൽ പ്രത്യേക പദ്ധതിയല്ലെന്നും 2013ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാരിനുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ, പദ്ധതിക്ക് പ്രാഥമിക അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്.
കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ചാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. ഹരജികൾ പരിഗണിക്കുമ്പോൾ തന്നെ സിൽവർലൈൻ പദ്ധതിക്കായി 955 ഹെക്ടർ ഭൂമി ഏറ്റെടുക്കാമെന്ന വിവരം സർവേ നടത്താതെ സർക്കാരിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു. കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം. കേന്ദ്ര അനുമതിയില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്നും ഹരജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഒടുവിൽ കെ- റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
സിൽവർലൈൻ പദ്ധതിയിൽ സംശയങ്ങൾ ദുരീകരിക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ''നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ച് നാടിൻറെ വികസനം ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങൾ വികസിക്കണം. നാടിൻറെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാൽ അതിന് വഴിപ്പെടില്ല. പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയം- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.