വാളയാർ കേസിൽ കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാൻ വിചിത്രവാദങ്ങളുമായി സിബിഐ
പെൺകുട്ടികളുടെ അമ്മക്കെതിരെ കുറ്റപത്രത്തിൽ സദാചാര ആരോപണം ഉന്നയിക്കുന്ന സിബിഐ അപവാദ പ്രചാരണം നടത്തുകയാണെന്ന് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജലജ മാധവൻ മീഡിയവണിനോട്


കൊച്ചി: വാളയാർ കേസിൽ കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാൻ വിചിത്രവാദങ്ങളുമായി സിബിഐ. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുറിക്ക് വിസ്തീർണം കുറവായതിനാൽ കൊലപാതക സാധ്യതയില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
129 സെന്റിമീറ്റർ മാത്രം ഉയരമുള്ള ഒമ്പത് വയസുകാരിയായ രണ്ടാമത്തെ പെൺകുട്ടിക്ക് ഉത്തരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യാനാകുമെന്നും മെഡിക്കൽ ബോർഡ് ഫോറൻസിക് വിദഗ്ധനെ ഉദ്ധരിച്ച് സിബിഐ കുറ്റപത്രത്തിൽ വാദിച്ചു. അതിസങ്കീര്‍ണമായ കുടുംബസാഹചര്യവും കുട്ടികള്‍ നേരിട്ട ലൈംഗിക ചൂഷണവും ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സിബിഐ
വാളയാർ കേസിൽ കുട്ടികളെ കെട്ടിത്തൂക്കിയതാവാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളിയാണ് സിബിഐയുടെ കുറ്റപത്രം. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഫോറെൻസിക് സർജൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 129 സെന്റിമീറ്റർ മാത്രം ഉയരമുള്ള രണ്ടാമത്തെ പെൺകുട്ടിക്ക് ഉത്തരത്തിൽ കുടുക്കിട്ട് ആത്മഹത്യ ചെയ്യാനാവില്ലെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ ഒമ്പത് വയസുകാരിക്കും മനോവിഷമത്താൽ ആത്മഹത്യ ചെയ്യാനാകുമെന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തിൽ ഉദ്ധരിച്ചാണ് സിബിഐ കുറ്റപത്രം നൽകിയത്.
പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയുടെ വിസ്തീർണം കുറവായതിനാൽ കൊലപാതകം സാധ്യമല്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. കുടുംബ പശ്ചാത്തലം, കുട്ടികള്‍ നേരിട്ട ലൈംഗികാതിക്രമം, കുറ്റവാളികളുടെ അടുത്ത സാന്നിധ്യം, അവരുടെ ഭീഷണി, കുടുംബത്തില്‍ നിന്ന് ലഭിക്കേണ്ട പിന്തുണയുടെ അഭാവം തുടങ്ങിയവ ജീവനൊടുക്കുകാൻ കുട്ടിയെ പ്രേരിപ്പിച്ചേക്കാമെന്നും കുറ്റപത്രം പറയുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കുട്ടികളുടെ അമ്മ രണ്ടാം പ്രതിയാണ്.
കുട്ടികളെ പീഡിപ്പിക്കുന്ന വിവരം അമ്മ അറിഞ്ഞിരുന്നുവെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്. കൊലപാതക സാധ്യത കണ്ടെത്തുന്നതിൽ പരാജയപ്പെട്ട സിബിഐ കുട്ടികളുടെ അമ്മക്കെതിരെ അപവാദപ്രചാരണം നടത്തുകയാണെന്ന് വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജലജ മാധവൻ ആരോപിച്ചു.
2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്‍റ നിഗമനം. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയും. കുട്ടികള്‍ പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തുകയും ചെയ്തു.