മത്സ്യക്കുളത്തിൽ വിഷം കലർത്തി മോഷണം; 4 ലക്ഷം രൂപയുടെ മത്സ്യങ്ങൾ നഷ്ടമായി
കരിമീൻ, തിലാപ്പിയ, കട്ടള തുടങ്ങിയ മീനുകളായിരുന്നു കുളത്തിൽ ഉണ്ടായിരുന്നത്
Update: 2022-02-24 01:33 GMT
മത്സ്യക്കുളത്തിൽ വിഷം കലർത്തി സാമൂഹ്യവിരുദ്ധർ മീൻ പിടിച്ചതായി പരാതി. എഴുകോൺ കൈതക്കോട് സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കുളത്തിൽ നിന്നാണ് മീനുകൾ മോഷണം പോയത്.
ബിജുവിന്റെ ഉടമസ്ഥതയിലുള്ള എഴുകോൺ ആലാശേരി ഏലയിലെ കുളത്തിൽ നിന്നാണ് മീനുകൾ മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ തീറ്റകൊടുക്കാൻ എത്തിയപ്പോളാണ് മീനുകൾ ചത്തു കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രിയിൽ സാമൂഹ്യവിരുദ്ധർ കുളത്തിൽ നഞ്ച് എന്ന വിഷപദാർത്ഥം കലക്കി മീൻ പിടിച്ചതായി മനസിലാക്കി.
കരിമീൻ, തിലാപ്പിയ, കട്ടള തുടങ്ങിയ മീനുകളായിരുന്നു കുളത്തിൽ ഉണ്ടായിരുന്നത്. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബിജു പറഞ്ഞു. 8 വർഷമായി മത്സ്യകൃഷി നടത്തുന്ന ബിജുവിന് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. എഴുകോൺ പൊലീസിൽ ബിജു പരാതി നൽകി.