'പാർട്ടിയിൽ കൂടിയാലോചനയില്ല'; കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ. സുധാകരന് കൊടിക്കുന്നിൽ സുരേഷിന്റെ രൂക്ഷ വിമർശനം
എ.ഐ.സി.സി പ്ലീനറി സമ്മേളത്തിൽ പങ്കെടുക്കുന്നതിന് 60 പേരുടെ പട്ടിക അധികമായി തയ്യാറാക്കിയതിൽ തന്നെ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് ഇന്ന് ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ഉയർത്തിയത്
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ. സുധാകരന് രൂക്ഷവിമർശനം. പാർട്ടിയിൽ കൂടിയാലോചനയില്ലാതെയാണ് കാര്യങ്ങൾ നടപ്പാക്കുന്നതെന്നാണ് വിമർശനം. കൊടിക്കുന്നിൽ സുരേഷാണ് കെ. സുധാകരനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കുന്നുവെന്നും കൊടിക്കുന്നിൽ വിമർശിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളത്തിൽ പങ്കെടുക്കുന്നതിന് 60 പേരുടെ പട്ടിക അധികമായി തയ്യാറാക്കിയതിൽ തന്നെ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് ഇന്ന് ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് ഉയർത്തിയത്.
പാർട്ടിയിൽ യാതൊരു വിധത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ല, ഡയലോഡ്, ഡിസ്‌കഷൻ, ഡിസിഷൻ എന്നതായിരുന്നു കോൺഗ്രസിന്റെ രീതി. ഈ മൂന്ന് 'ഡി'കളും നേതൃത്വം മറന്നിരിക്കുകയാണ് എന്ന വിമർശനമാണ് ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലെ കൊടിക്കുന്നിൽ സുരേഷിന്‍റെ പ്രധാന ആരോപണം.
ഒപ്പം തന്നെ പട്ടിക വിഭാഗങ്ങൾക്കുള്ള സംവരണം പാലിക്കണമെന്ന ആവശ്യവും കൊടിക്കുന്നിൽ സുരേഷ് യോഗത്തിൽ ഉയർത്തി. പുനഃസംഘടനാ നടപടികൾ വൈകുന്നതിലുള്ള അതൃപ്തിയും ഇന്നത്തെ ഭാരവാഹി യോഗത്തിൽ ഉയർന്നിട്ടുണ്ട്. രാവിലെ ആരംഭിച്ച ഭാരവാഹി യോഗം ഇപ്പോഴും തുടരുകയാണ്.