'നവീൻ ബാബുവിനെതിരായ ഒന്നും കലക്‌ടറുടെ റിപ്പോർട്ടിലില്ല'- മന്ത്രി കെ രാജൻ

തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂർണമായി പുറത്തുവന്നിട്ടില്ലെന്നുമായിരുന്നു കലക്‌ടറുടെ പ്രതികരണം.

Update: 2024-10-30 11:54 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തെറ്റുപറ്റി എന്ന് നവീൻ ബാബു പറഞ്ഞെന്ന കലക്‌ടറുടെ മൊഴി റവന്യൂ വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്ന് മന്ത്രി കെ.രാജൻ. നവീൻ ബാബുവിനെതിരായ ഒന്നും കലക്‌ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിലില്ല. ഒരാൾ പലഘട്ടത്തിൽ പല മൊഴി നൽകിയിട്ടുണ്ടെങ്കിൽ അത് കോടതി പരിശോധിക്കട്ടെയെന്നും കെ.രാജൻ പറഞ്ഞു.

പുതിയ മൊഴിയെ കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്ന് നിലപാടിലാണ് മന്ത്രി. നവീൻ ബാബു കൈകാര്യം ചെയ്‌ത ഫയലിനെ കുറിച്ച് അന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ കലക്‌ടറുടെ മൊഴിയെ കുറിച്ച് അറിയില്ലെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. 

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ ജില്ലാ കലക്‌ടർ അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂർണമായി പുറത്തുവന്നിട്ടില്ലെന്നുമായിരുന്നു കലക്‌ടറുടെ പ്രതികരണം.

കോടതിവിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്കും ഇതേ മൊഴി തന്നെയാണ് നൽകിയത്. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും കലക്‌ടർ പറഞ്ഞിരുന്നു. കുടുംബത്തിന്‍റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടിയതടക്കമുള്ള ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കലക്‌ടർ പറഞ്ഞിരുന്നു. 

അതേസമയം, പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ നവീൻ ബാബുവിന്റെ കുടുംബം എതിർക്കും. ഹരജിയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിലും മഞ്ജുഷ കക്ഷി ചേർന്നിരുന്നു. ഹരജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News