അജ്‌മലിന്റെ പിതാവിന്റെ പേരിൽ 11 കണക്ഷനുകൾ, ബില്ലടക്കാറില്ല; സ്ഥിരം പ്രശ്‌നക്കാരെന്ന് കെഎസ്‌ഇബി
കോൺഗ്രസ് പ്രവർത്തകർ അജ്‌മലിന്റെ വീടിന് മുന്നിൽ നിരാഹാരമിരിക്കുകയാണ്.
കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്‌മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് പ്രവർത്തകർ അജ്‌മലിന്റെ വീടിന് മുന്നിൽ നിരാഹാരമിരിക്കുകയാണ്.
കെഎസ്ഇബി ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് അജ്‌മലിന്റെ മാതാവ് പൊലീസിൽ പരാതി നൽകി. യൂത്ത് കൊണ്ഗ്രസ് പ്രവർത്തകർ ഇന്ന് കെഎസ്ഇബി ഓഫീസിന് മുന്നിൽ റാന്തൽ കത്തിച്ചു പ്രതിഷേധിക്കും. അക്രമിക്കില്ലെന്ന് ഉറപ്പ് വാങ്ങി വൈദ്യുതി പുനസ്ഥാപിക്കാനാണ് വൈദ്യുതി മന്ത്രിയുടെ നിർദേശം.
ഇതനുസരിച്ച് ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു. ഉറപ്പ് ലഭിച്ചാൽ ഇന്നുതന്നെ വൈദ്യുതി പുനസ്ഥാപിക്കും. ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ അയക്കാൻ ജില്ലാ കലക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമിച്ച ആളിന്റെ അച്ഛൻറെ പേരിൽ 11 കണക്ഷനുകളുണ്ടെന്നും സ്ഥിരമായി വൈദ്യുതി ബില്ലടക്കാറില്ലെന്നും ചെയർമാന്റെ പ്രസ്താവനയിൽ പറയുന്നു.
കെഎസ്ഇബി ജീവനക്കാരുമായി ഇവർ നിരന്തരം പ്രശ്നമുണ്ടാകാറുണ്ട്. ഓഫീസ് ആക്രമണത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും കെഎസ്ഇബി ചെയർമാൻ പ്രസ്താവനയിൽ വ്യക്തമാക്കി.