NCP യില്‍ ഭിന്നത; കോഴ ആരോപണത്തിൽ തോമസ് കെ. തോമസിനെതിരെ പരാതി നൽകാൻ ശശീന്ദ്രൻ വിഭാഗം

എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന് രേഖാമൂലം പരാതി നൽകാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആലോചന

Update: 2024-10-26 03:12 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങി എ.കെ ശശീന്ദ്രൻ വിഭാഗം. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിക്കാൻ തോമസ് കെ. തോമസ് നീക്കം നടത്തി എന്ന പരാതി ആയിരിക്കും ശശീന്ദ്രൻ വിഭാഗം ഉന്നയിക്കുക. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന് രേഖാമൂലം പരാതി നൽകാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആലോചന. ഇതിൽ ശരത് പവാറിന്റെ നിലപാട് നിർണായകമാകും. പരാതിയെ അവഗണിച്ച് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം വീണ്ടും എൻസിപി ദേശീയ നേതൃത്വം മുന്നോട്ടുവച്ചാൽ മുഖ്യമന്ത്രി അതിനെ അവഗണിക്കുമോ എന്നതും എൻസിപി നേതൃത്വത്തിൽ ചർച്ചയാകുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തോമസ് കെ.തോമസ് മന്ത്രി ആകാൻ സാധ്യതയില്ല എന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്.

തോമസ് കെ. തോമസ് എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണത്തിലുണ്ടായിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ. തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങൾ ഉയർന്നു വന്ന‌തെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നും തോമസ് ആരോപിച്ചിരുന്നു.

അതേസമയം ആരോപണം കോവൂർ കുഞ്ഞുമോൻ നിഷേധിച്ചു. എന്നാൽ തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും അതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News