എന്‍സിപിയിലെ മന്ത്രിമാറ്റം; കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ.തോമസ്
വിവാദങ്ങളിലേക്ക് കടക്കരുതെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചെന്നും തോമസ് കെ.തോമസ്
തിരുവനന്തപുരം: ശരദ് പവാർ വിളിപ്പിച്ചിട്ടാണ് ഡൽഹിയിൽ കൂടിക്കാഴ്ചക്ക് പോയതെന്ന് തോമസ് കെ. തോമസ്. മന്ത്രിമാറ്റ തീരുമാനം കേന്ദ്രനേതൃത്വം സ്വീകരിക്കും. മുഖ്യമന്ത്രിയെ ഉടൻ തന്നെ താൻ കാണുന്നുണ്ടെന്നും വിവാദങ്ങളിലേക്ക് കടക്കരുതെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എ.കെ. ശശീന്ദ്രൻ നല്ല രീതിയിൽ പ്രവർക്കുന്ന മന്ത്രിയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മന്ത്രിമാറ്റം അവരുടെ പാർട്ടി കാര്യമാണ്. മന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണുള്ളതെന്നും ടി.പി വ്യക്തമാക്കി.
എന്നാല്‍ എൻസിപിയിലെ മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. താൻ രാജിവെച്ചാൽ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമാകും. പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാവണമെന്നതാണ് തന്‍റെ ആവശ്യം. പി.സി.ചാക്കോ, തോമസ് കെ. തോമസ് എന്നിവർ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.