മാന്നാർ കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കോടതിയിൽ ഹാജരാക്കും

മുഖ്യപ്രതിയായ ഭർത്താവ് അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Update: 2024-07-03 11:26 GMT
Advertising

ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം പ്രതി ജിനു, മൂന്നാം പ്രതി സോമൻ, നാലാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ഇവർ കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണ്. അതേസമയം, മുഖ്യപ്രതിയായ ഭർത്താവ് അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ. കേസിൽ കലയുടെ ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്.‌ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കൊലപാതകം, തെളിവു നശിപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയത്. പ്രതികൾ മൃതദേഹം മറവ് ചെയ്ത് തെളിവുകൾ നശിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

2008ലാണ് കലയെ കാണാതായത്. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്ന് പൊലീസ് പറയുന്നു. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

കൊന്നു കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചത്. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News