കനത്തമഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു
കാലാവസ്ഥ കണക്കിലെടുത്ത് പിന്നീട് വെടിക്കെട്ട് നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു
തൃശൂര്‍: ഇന്ന് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. കനത്തമഴയെ തുടർന്നാണ് തീരുമാനം. കാലാവസ്ഥ കണക്കിലെടുത്ത് പിന്നീട് വെടിക്കെട്ട് നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.
മഴയെ തുടർന്ന് മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് നടത്താനായിരുന്നു ധാരണയായത്. ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെ വൈകുന്നേരം 6.30ന് വെടിക്കെട്ട് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്നായിരുന്നു ദേവസ്വങ്ങളുടെ നിലപാട്. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ മൂലം മാറ്റിവെച്ചത്.
അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.